
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ് ആരോപിച്ച് വ്യാപക പ്രതിഷേധം. ഏഴ് ദിവസം പ്രായമായ നവജാത ശിശു മരിച്ചത് ചികിത്സ പിഴവാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ ലേബർ റൂമിനു മുന്നിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു.
വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും കുഞ്ഞാണ് മരിച്ചത്. പ്രസവത്തിനായി പ്രവേശിപ്പിച്ച സൗമ്യക്ക് പ്രസവ വേദന വന്നിട്ടും കൃത്യമായ ചികിത്സ നൽകിയില്ലെന്നും ഇതാണ് കുഞ്ഞ് മരിക്കാൻ കാരണമെന്നുമാണ് ആരോപിക്കുന്നത്.
പ്രസവസമയം മെഡിക്കൽ വിദ്യാർഥികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും പ്രസവ വേദന വന്നിട്ടും യുവതിയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചില്ലെന്നും വാർഡിലാണ് യുവതി പ്രസവിച്ചതെന്നും ഇവർ പറയുന്നു. കഴിഞ്ഞ മാസം 28-നായിരുന്നു യുവതി പ്രസവിച്ചത്. ഇന്നലെ രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.







