തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ കരമന സ്വദേശി ദീപുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അമ്പിളിയുടെ ഭാര്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അമ്പിളിയുടെ വീട്ടിൽ നിന്ന് 7.5 ലക്ഷം രൂപ പോലീസ് കണ്ടെത്തിയിരുന്നു. ഇത് ഭർത്താവ് അമ്പിളി തന്നതെന്നാണ് ഭാര്യ പോലീസിന് മൊഴി നൽകിയത്.
മാത്രമല്ല രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കത്തിച്ച ബാഗ് പുഴയിൽ കളഞ്ഞെന്നും അമ്പിളിയുടെ ഭാര്യ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രതി അമ്പിളിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അമ്പിളി കൂടുതൽ വിവരങ്ങൾ പുറത്തു പറഞ്ഞതായിട്ടാണ് വിവരം. ദീപുവിനെ കൊലപ്പെടുത്തുന്നതിന് മുൻപ് ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയെന്ന് അമ്പിളി പറഞ്ഞു.
ആശുപത്രി ഉപകരണങ്ങളുടെ ഡീലർ സുനിലാണ് ക്ലോറോഫോം നൽകിയതെന്ന് മൊഴി നൽകിയത്. കൈയിൽ ഗ്ലൗസ് ധരിച്ച പ്രതി കാറിൻ്റെ പിൻസീറ്റിലിരുന്നാണ് ഡ്രൈവിങ് സീറ്റിലായിരുന്ന ദീപുവിനെ സര്‍ജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തിൽ മുറിവേൽപ്പിച്ചത്. അമ്പിളിയെ സഹായിച്ച ആശുപത്രി ഉപകരണങ്ങളുടെ ഡീലറായ പാറശാല സ്വദേശി സുനിലിനായി പൊലീസ് അന്വേഷണം തുടങ്ങി.