റെക്കോഡുകള്‍ ഭേദിച്ച് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത പ്രഭാസ് ചിത്രം കല്‍ക്കി തിയറ്ററുകളില്‍ കത്തിക്കയറുമ്പോള്‍ ഏറെ ചര്‍ച്ചയാവുകയാണ് പ്രഭാസിന്റെ പ്രകടനം. ബാഹുബലിക്ക് ശേഷം താരത്തെ ഇത്ര ത്രസരിപ്പോടെ തിരശീലയില്‍ കണ്ടിട്ടില്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗം മലയാളി സിനിമാപ്രേമികള്‍ക്കും. ചിത്രത്തിന്റെ ക്ലൈമാക്‌സിനോട് ചേര്‍ന്ന് താരം കാഴ്ച്ച വെക്കുന്ന പ്രകടനം നാളിതുവരെ കണ്ടതില്‍ നിന്ന് വിഭിന്നമായിരുന്നു. ഇതിഹാസ കഥാപാത്രത്തിന് എന്തുകൊണ്ടും യോജിച്ച താരം പ്രഭാസ് തന്നെയാണെന്ന അഭിപ്രായവും ഇപ്പോള്‍ ഉയരുന്നുണ്ട്.
പ്രേക്ഷകര്‍ ആഗ്രഹിച്ചപോലെയുള്ള അതിഗംഭീര പ്രകടനമായിരുന്നു കല്‍ക്കിയില്‍ താരത്തിന്റേത് എന്ന് പറയുന്നതാവും ശരി. ആദ്യ പകുതിയില്‍ അല്‍പം നിരാശ നല്‍കുന്നുണ്ടെങ്കിലും രണ്ടാം പകുതിയില്‍ പടമെത്തുമ്പോള്‍ പ്രഭാസിന്റെ മറ്റൊരു മുഖമാണ് വെള്ളിത്തിരയില്‍ കാണാന്‍ സാധിക്കുന്നത്. ആദ്യ പകുതിയില്‍ കണ്ട പ്രഭാസ് തന്നെയോ എന്ന് പോലും സംശയിക്കുന്ന രീതിയിലുള്ള അത്യുഗ്രന്‍ പ്രകടനം. ചുരുക്കി പറഞ്ഞാല്‍ രണ്ടാം ഭാഗം പ്രഭാസിന്റെ അഴിഞ്ഞാട്ടം തന്നെയാണ്. താരത്തിന്റെ അഭിനയത്തോടുള്ള പാഷന്‍ മനസിലാക്കിയ നാഗ് പ്രഭാസിനെ ശരിയായ രീതിയില്‍ സിനിമയില്‍ ഉപയോഗപ്പെടുത്തി എന്ന് വേണം പറയാന്‍. കുറ്റമറ്റ തിരക്കഥയുണ്ടെങ്കില്‍ തിരശീലയില്‍ ജീവിച്ചു കാണിക്കുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാളായി താരം മാറിയിട്ടുണ്ട്.
ഭാഷാഭേദമന്യേ മികച്ച നടന്‍മാരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികള്‍. ഒരുപക്ഷേ അല്ലു അര്‍ജുന് ശേഷം മലയാളികള്‍ ഇത്ര കണ്ട് നെഞ്ചിലേറ്റിയ തെലുങ്ക് നടന്‍ പ്രഭാസായിരിക്കും. പ്രഭാസ് ചുവടുറപ്പിച്ചിരിക്കുന്നത് തെലുങ്കിലാണെങ്കിലും അമരേന്ദ്ര ബാഹുബലിയെ നെഞ്ചിലേറ്റിയവരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ ഉണ്ടാകും മലയാളികള്‍. അഭിനയമികവുകൊണ്ട് തന്നെ ഇപ്പോള്‍ താരം വീണ്ടും മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.
പെണ്‍കുട്ടികളുടെ പ്രണയനായകനും ആണ്‍കുട്ടികളുടെ ആക്ഷന്‍ ഹീറോയുമായി പ്രഭാസ് മാറിയത് വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അവിടന്നങ്ങോട്ട് പ്രഭാസിനെ കാത്തിരുന്നത് ആരേയും അമ്പരപ്പിക്കുന്ന ഉയര്‍ച്ചയുടെ പടവുകളാണ്.ഇന്ത്യന്‍ സിനിമാലോകത്ത് തന്റെതായ ഇടം നേടിയ നടന്‍, നിലവില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരില്‍ ഒരാള്‍, ബിഗ് ബജറ്റ് സിനിമയിലൂടെ ആരാധകരെ സ്വന്തമാക്കിയ താരം എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് പ്രഭാസിന്. ‘ബാഹുബലി’ എന്ന കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നില്‍ തന്നെ വിസ്മയമായി തീര്‍ന്ന ഈ നാല്‍പ്പത്തി നാല് കാരന് ഇന്ന് ലോകം മുഴുവന്‍ ആരാധകരുണ്ട്. കല്‍ക്കി തീയേറ്ററില്‍ കത്തിക്കയറുമ്പോള്‍ പ്രഭാസിന്റെ താരമൂല്യം വീണ്ടും കുതിച്ചുയരുകയാണ്. കല്‍ക്കിയിലെ മാസ് ആക്ഷന്‍ രംഗങ്ങളില്‍ പ്രഭാസ് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
2021 ല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സൗത്ത് ഏഷ്യന്‍ സെലിബ്രിറ്റിയായി തെരെഞ്ഞെടുക്കപ്പെട്ടത് പ്രഭാസിനെയാണ്. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ താരമൂല്യം കുതിച്ചുയര്‍ന്നതിന്റെ തെളിവുകൂടിയാണത്. യു.കെ ആസ്ഥാനമായുള്ള ‘ഈസ്റ്റേണ്‍ ഐ’ എന്ന പ്രതിവാര പത്രമാണ് പ്രഭാസിനെ തെരഞ്ഞെടുത്തിരിക്കുന്നത്. സര്‍വേ ഫലം പ്രകാരം സിനിമ, ടെലിവിഷന്‍, സാഹിത്യം, സംഗീതം, സോഷ്യല്‍ മീഡിയ എന്നീ മേഖലകളില്‍ നിന്നുള്ള നിരവധി ആഗോള താരങ്ങളെക്കാള്‍ മുന്നിലാണ് പ്രഭാസ് എന്നതും ശ്രദ്ധേയം. ലോകത്തിലെ ഏറ്റവും വലിയ സിനിമാ വ്യവസായത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ താരം വേറിട്ട് നിന്നു എന്നാണ് ‘ഈസ്റ്റേണ്‍ ഐ’ താരത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 1979 ഒക്ടോബര്‍ 23ന് മദ്രാസ്സില്‍ ജനിച്ച പ്രഭാസിന് സിനിമാപാരമ്പര്യവുമുണ്ട്.
തിളക്കമാര്‍ന്ന പ്രകടനം കല്‍ക്കിയില്‍ കാഴ്ച്ച വെച്ച പ്രഭാസ് തിയറ്ററുകളില്‍ ആരാധകരുടെ കൈയടി നേടുന്നുണ്ട്. ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ പ്രഭാസിനെ നെഞ്ചിലേറ്റിയ ആരാധകരെ ആവേശം കൊള്ളിപ്പിക്കുന്ന പ്രകടനമായിരുന്നു കല്‍ക്കിയില്‍ താരത്തിന്റേത്. സിനിമാ നിരീക്ഷകര്‍ പോലും ഒരുപോലെ പറഞ്ഞു- പ്രഭാസ് തിരികെ എത്തി. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നാണ് കല്‍ക്കിക്ക് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചിട്ടുള്ളത്. ഈ ചരിത്ര വിജയത്തിലൂടെ വീണ്ടും തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുയാണ് പ്രഭാസ്.