spot_imgspot_imgspot_img

മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികൾക്ക് കരുതൽ തടങ്കൽ; ആദ്യ പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു

Date:

തിരുവനന്തപുരം: മയക്കുമരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെടുന്ന പ്രതികളെ കരുതൽ തടങ്കലിൽ വെക്കാനുള്ള നിയമവ്യവസ്ഥ കർശനമായി നടപ്പിലാക്കാൻ എക്സൈസ് സേനയ്ക്ക് നിർദേശം നൽകിയെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ലഹരിമരുന്ന് നിരോധന നിയമപ്രകാരം കേരളത്തിൽ ആദ്യമായി ഒരു പ്രതി കരുതൽ തടങ്കലിലായി. ഇയാൾ ഇപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിലാണെന്നും മന്ത്രി പറഞ്ഞു.

ഒന്നുമുതൽ രണ്ട് വർഷം വരെ ഇയാളെ ജാമ്യമില്ലാതെ തടവിൽവെക്കാനാവും. ശക്തമായ ഇടപെടലിലൂടെ സ്ഥിരം കുറ്റവാളിയെ ജയിലിലടച്ച എക്സൈസ് സേനാംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിച്ച് പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തും.

മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കിലിലാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് തയ്യാറാക്കിയ സ്ഥിരം കുറ്റവാളികളുടെ പട്ടികയിലെ ആദ്യത്തെ പ്രതിയെയാണ് ഇപ്പോൾ കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്. ഇതിന് പുറമേ ആറ് പ്രതികളുടെ കരുതൽ തടങ്കൽ അപേക്ഷ കൂടി വിവിധ തലത്തിലെ പരിഗണനയിലുണ്ട്. ജില്ലകളിൽ കൂടുതൽ പ്രതികളുടെ പട്ടിക തയ്യാറാക്കുകയാണ്.

എക്സൈസ് ശുപാർശ ചെയ്യുന്ന കേസുകൾ, നിയമവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗ് കമ്മിറ്റി പരിശോധിച്ചാണ് കരുതൽ തടങ്കൽ ആവശ്യമാണോ എന്ന് നിശ്ചയിക്കുന്നത്. സ്ക്രീനിംഗ് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് കരുതൽ തടങ്കലിന് ഉത്തരവിടുന്നത്. ഇതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കും. കരുതൽ തടങ്കൽ ഉത്തരവ് ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള ജഡ്ജസ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയവുമായിരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

കോട്ടയം ജില്ലയിലെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് എരുമേലി സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയത്. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങി എറണാകുളം സെഷൻസ് കോടതിയിൽ വിചാരണ നേരിടുകയായിരുന്നു പ്രതി. ഈ സമയത്ത് ബംഗളൂരിൽ നിന്നും കൊണ്ടുവന്ന രാസലഹരിയുമായി പാലായിൽ വച്ച് കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇയാളെ വീണ്ടും പിടികൂടുകയായിരുന്നു. ഈ കേസിൽ റിമാൻഡിൽ കഴിയവേയാണ് എക്സൈസ് വകുപ്പ് കരുതൽ തടങ്കലിനുള്ള അപേക്ഷ സമർപ്പിച്ചത്.
മയക്കുമരുന്ന് കേസുകളിൽ ആവർത്തിച്ച് പ്രതികളാകുന്നവരേയും മയക്കുമരുന്ന് വിപണനത്തെ പ്രോത്സാഹിപ്പിക്കുന്നവരെയും കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും തടയാൻ വേണ്ടിയാണ് കരുതൽ തടങ്കലിന് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ലഹരിമരുന്ന് നിരോധന നിയമം (Prevention of Illicit Traffic in Narcotic Drug and Psychotropic substances (PITNDPS) സെക്ഷൻ 2(ഇ) പ്രകാരം ഒന്നിൽ കൂടുതൽ മയക്കുമരുന്ന് കേസുകളിൽ പ്രതികളാകുന്നവരെയും, ഇവരുടെ പ്രവർത്തനങ്ങൾക്ക് നേരിട്ടോ അല്ലാതെയോ ധനസഹായമോ പിന്തുണയോ സംരക്ഷണമോ ചെയ്യുന്നവരെയും രണ്ടു വർഷം വരെ ഈ നിയമം അനുസരിച്ച് കരുതൽ തടങ്കലിൽ വയ്ക്കാനാവും. മയക്കുമരുന്ന് വ്യാപനത്തിന്റെയും ഉപഭോഗത്തിന്റെയും വ്യാപ്തി കുറയ്ക്കുന്നതിന് ഈ നിയമം ഫലപ്രദമായി ഉപയോഗിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും മയക്കുമരുന്നിനെതിരെ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടുനീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp