News Week
Magazine PRO

Company

Share This Post
spot_imgspot_img

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Date:

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) ഇന്ന് തിരിതെളിയും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടി ശബാന ആസ്മി വിശിഷ്ടാതിഥിയാകും.

ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. 10 ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. തുടർന്ന് ഉദ്ഘാടനചിത്രമായ ‘ഐ ആം സ്റ്റിൽ ഹിയർ’ പ്രദർശിപ്പിക്കും. വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനം ചെയ്ത പോർച്ചുഗീസ് ചിത്രം ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്.

പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ, വി.കെ പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം, ജൂറി ചെയർപേഴ്‌സൺ ആനിയസ് ഗൊദാർദ്, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ കരുൺ, സാംസ്‌കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ഫിലിം ചേംബർ പ്രസിഡന്റ് ബി. ആർ. ജേക്കബ്, അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി അരങ്ങേറും.

ഡിസംബർ 20 വരെ 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളുണ്ട്. മലയാള സിനിമ ടുഡേ, ഇന്ത്യൻ സിനിമ നൗ, ലോകസിനിമ, ഫെസ്റ്റിവൽ ഫേവറിറ്റ്‌സ്, കൺട്രി ഫോക്കസ്, റെട്രോസ്‌പെക്റ്റീവ്, ‘ദ ഫിമേൽ ഗെയ്‌സ്’, ലാറ്റിനമേരിക്കൻ സിനിമ, കലൈഡോസ്‌കോപ്പ്, മിഡ്‌നൈറ്റ് സിനിമ, അനിമേഷൻ, റെസ്റ്റോർഡ് ക്‌ളാസിക്‌സ്, ഹോമേജ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ 177 സിനിമകൾ പ്രദർശനത്തിനുണ്ട്. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, ഇൻ കോൺവർസേഷൻ, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരക പ്രഭാഷണം, പാനൽ ഡിസ്‌കഷൻ എന്നിവയും ഉണ്ടാകും.

13,000ൽപ്പരം ഡെലിഗേറ്റുകളും 100ഓളം ചലച്ചിത്രപ്രവർത്തകരും മേളയിലെത്തും. തിയേറ്ററുകളിൽ ആകെ സീറ്റിന്റെ 70 ശതമാനം റിസർവേഷൻ ചെയ്തവർക്കും 30 ശതമാനം റിസർവേഷൻ ഇല്ലാത്തവർക്കുമായാണ് പ്രവേശനം. മുതിർന്ന പൗരന്മാർക്ക് ക്യൂ നിൽക്കാതെ പ്രവേശനം ലഭിക്കും. ഡെലിഗേറ്റുകൾക്കായി കെ.എസ്.ആർ.ടി.സിയുടെ രണ്ട് ഇ-ബസുകൾ പ്രദർശനവേദികളെ ബന്ധിപ്പിച്ചുകൊണ്ട് സൗജന്യ സർവീസ് നടത്തും.

മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ചടങ്ങ് ഡിസംബർ 14 ന് വൈകിട്ട് ആറു മണിക്ക് നിള തിയേറ്ററിൽ സംഘടിപ്പിക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി ശ്രദ്ധാഞ്ജലി പരമ്പരയിലെ ആറു പുസ്തകങ്ങൾ മേളയിൽ പ്രകാശനം ചെയ്യും. മേളയുടെ ഭാഗമായി 50 ലോകചലച്ചിത്രാചാര്യർക്ക് ആദരവർപ്പിക്കുന്ന ഡിജിറ്റൽ ആർട്ട് എക്‌സിബിഷൻ ‘സിനിമാ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്’ ഡിസംബർ 14 മുതൽ ടാഗോർ തിയേറ്ററിൽ നടക്കും. സംവിധായകൻ ടി.കെ രാജീവ് കുമാറാണ് ക്യുറേറ്റർ. മലയാള സിനിമയുടെ തിരശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെ സാംസ്‌കാരിക വകുപ്പു മന്ത്രി ആദരിക്കുന്ന ‘മറക്കില്ലൊരിക്കലും’ ഡിസംബർ 15 ഞായറാഴ്ച വൈകിട്ട് 6.30ന് മാനവീയം വീഥിയിൽ നടക്കും. തുടർന്ന് ഇവരുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീതപരിപാടിയും ഉണ്ടായിരിക്കും. മാനവീയം വീഥിയിൽ ഡിസംബർ 14 മുതൽ 19 വരെ വൈകിട്ട് 6.30ന് കലാസാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും.

ഡിസംബർ 20ന് നടക്കുന്ന സമാപനച്ചടങ്ങിൽ സംവിധായിക പായൽ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അർഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അർഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ. ആർ. മോഹനൻ എൻഡോവ്‌മെന്റ് അവാർഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. സമാപനച്ചടങ്ങിനു മുന്നോടിയായി രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ കച്ചേരി നടക്കും.

വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാർദ് ആണ് അന്താരാഷ്ട്ര മൽസര വിഭാഗത്തിന്റെ ജൂറി ചെയർപേഴ്‌സൺ. ജോർജിയൻ സംവിധായിക നാനാ ജോജാദ്‌സി, ബൊളീവിയൻ സംവിധായകനും തിരക്കഥാകൃത്തുമായ മാർക്കോസ് ലോയ്‌സ, അർമീനിയൻ സംവിധായകനും നടനുമായ മിഖായേൽ ഡോവ്‌ലാത്യൻ, ആസാമീസ് സംവിധായകൻ മോഞ്ചുൾ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം മൃഗശാലയിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന പക്ഷി പറന്നുപോയി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന പക്ഷി പറന്നുപോയി. മക്കൗ...

പുതുമയാർന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; പ്രതിദിന ടിക്കറ്റുകൾക്കെല്ലാം ഒന്നാം സമ്മാനം ഒരുകോടി

തിരുവനന്തപുരം: സമ്മാനഘടനയിൽ ഏറെ പുതുമകളുമായി എത്തിയ സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് വൻ വരവേൽപ്പ്....

വാക്‌സിൻ എടുത്തിട്ടും വീണ്ടും പേവിഷബാധ; ഏഴ് വയസുകാരി എസ്എടി ആശുപത്രിയിൽ ചികിത്സയിൽ

തിരുവനന്തപുരം: യഥാസമയം വാക്‌സീനെടുത്തിട്ടും കുട്ടിക്ക് പേ വിഷബാധ സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം...

സാങ്കേതിക വിദ്യാഭ്യാസ മികവ് : ഐഎച്ച്ആർഡിയും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ധാരണയായി

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സ്‌ഥാപനമായ ഐഎച്ച്ആർഡിയുടെ...
Telegram
WhatsApp
10:38:26