
വർക്കല: തിരുവനന്തപുരം വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. നാല് പേരാണ് ഇപ്പോൾ പിടിയിലായത്. വർക്കല വെട്ടൂർ ആശാ മുക്ക് സ്വദേശിയായ ജാസിം , താഴെ വെട്ടൂർ സ്വദേശികളായ ഹായിസ്, നൂഹു, സെയ്ദലി, എന്നിവരാണ് പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കേസിലെ അഞ്ചാം പ്രതിയായ ആഷിറിനെയാണ് പൊലീസ് സംഭവം നടന്ന ദിവസം തന്നെ പിടികൂടിയത്. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
ചൊവ്വാഴ്ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഹരി മാഫിക്കെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് വർക്കല സ്വദേശി ഷാജഹാനെ തലക്കടിച്ച് അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവി കിരൺ നാരായൺ ഐപിഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.


