
കോഴിക്കോട്: സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ രണ്ടു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് സ്വകാര്യ ക്ലിനിക്കിലാണ് കുഞ്ഞിനെ സുന്നത്ത് കർമ്മത്തിനായി പ്രവേശിപ്പിച്ചത്. കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം നടന്നത്.
ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ രണ്ടു മാസം മാത്രം പ്രായമായ മകൻ ഇന്നലെയാണ് മരിച്ചത്. സംഭവത്തിൽ സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
സ്വകാര്യ ക്ലിനിക്കിൽ വച്ച് ഇന്നലെ രാവിലെയാണ് കുഞ്ഞിന് സുന്നത്ത് കർമത്തിനായി ലോക്കൽ അനസ്തേഷ്യ നൽകിയത്. ഇതിനുപിന്നാലെ കുഞ്ഞിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ക്ലിനിക്കിൽ ആ സമയത്ത് പീഡിയാട്രീഷനുണ്ടായിരുന്നില്ല. തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.







