
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വിനോദസഞ്ചാരിയെ അതിക്രൂരമായി മർദിച്ചുവെന്ന് പരാതി. ഗ്രീക്ക് പൗരൻ റോബർട്ടിനാണ് സാരമായി പരുക്കേറ്റത്. വാട്ടർ സ്പോർട്സ് ജീവനക്കാരാണ് വിനോദസഞ്ചാരിയെ അതിക്രൂരമായി മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. റോബർട്ട് കഴിഞ്ഞ കുറച്ച് ദിവസമായി കേരളത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇയാൾ വർക്കല ബീച്ച് സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസം ബീച്ചിൽ സമയം ചിലവഴിക്കുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു.
തുടർന്ന് ഇന്ന് രാവിലെ ഫോൺ അന്വേഷിച്ചാണ് ഇയാൾ ബീച്ചിൽ എത്തിയത്. കുറച്ചുനേരം ഫോൺ അന്വേഷിച്ചു നടന്നിരുന്നെങ്കിലും ഫോൺ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇയാൾ ബീച്ചിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.
എന്നാൽ ഇത് വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികൾ തടഞ്ഞു. അതിനു ശേഷം ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും വിദേശിയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ടതോടെയാണ് സംഘം പിന്മാറിയത്.
അതിനുശേഷം ടൂറിസം പൊലീസെത്തി വിദേശിയെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിദേശിയുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.







