
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി കിളിമാനൂർ പോലീസ്. പത്തനാപുരം, ഇടത്തറ സ്വദേശി ഷെമീറി(36)നെയാണ് അറസ്റ്റ് ചെയ്തത്. ചിതറ, വളവുപച്ച സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്.
2024 മെയ് 25 നാണ് സംഭവം നടന്നത്. കിളിമാനൂരിലെ ലോഡ്‌ജിൽ വച്ച് പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. മാത്രമല്ല വിദേശത്ത് പോയ തന്നെ പിന്നാലെയെത്തി ശല്യം ചെയ്‌തെന്നും പരാതിയിൽ പറയുന്നു. ചിതറ സ്വദേശിയായ യുവതി കിളിമാനൂരിലെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ പഠിക്കുന്ന സമയത്താണ് യുവാവുമായി സൗഹൃദയത്തിൽ ആയത്. ഇൻസ്റ്റാഗ്രാം വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്.
പിന്നീട് പത്തനാപുരം സ്വദേശിയയായ ഷെമീർ കിളിമാനൂരിലെത്തി. തുടർന്നായിരുന്നു ലോഡ്ജിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചത്. ഇതിനു പിന്നാലെ യുവതി കിളിമാനൂരിലെ പഠനം നിർത്തുകയും കുറച്ച് നാളുകൾക്ക് ശേഷം ജോലി തേടി വിദേശത്തേക്ക് പോയി.
എന്നാൽ യുവതിക്ക് അവിടെയും രക്ഷയുണ്ടായിരുന്നില്ല. ഷെമീർ യുവതിയെ തേടി വിദേശത്തേക്ക് എത്തി. സുഹൃത്തുക്കൾ വഴി യുവതിയുടെ താമസസ്ഥലം കണ്ടെത്തിയ ഷെമീർ നിരന്തരം യുവതിയുടെ പിന്നാലെ പോയി ശല്യം ചെയ്തു. ഇതോടെ യുവതി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.







