
കോട്ടയം: കോട്ടയം തിരുവഞ്ചൂരിന് സമീപം ആഭിചാരക്രിയയുടെ പേരില്‍ യുവതിക്ക് ക്രൂരപീഡനം. സംഭവത്തിൽ ഭർത്താവ് അടക്കം മൂന്നുപേർ അറസ്റ്റിലായി. ഭർത്താവ് അഖിൽദാസ്, ഇയാളുടെ അച്ഛൻ ദാസ്, തിരുവല്ല സ്വദേശി മന്ത്രവാദി ശിവദാസ് എന്നിവരാണ് പിടിയിലായത്. തിരുവഞ്ചൂരിലാണ് സംഭവം.
അഖിൽ ദാസിന്റെ ഭാര്യയുടെ ശരീരത്തിൽ ദുരാത്മാവ് കുടിയേറി എന്നാരോപിച്ചായിരുന്നു ആഭിചാരക്രിയ. ആഴ്ചകള്‍ക്ക് മുമ്പാണ് വിവാഹം ചെയ്യുന്നതിനായി യുവതി കോട്ടയം തിരുവഞ്ചൂരിന് സമീപം അഖിലിന്റെ വീട്ടിലെത്തിയത്. അഖിൽദാസിന്റെയും യുവതിയുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും വീട്ടിൽ കഴിയവെ യുവാവിന്റെ അമ്മയാണ് പെൺകുട്ടിയ്ക്ക് മേൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കയറിയിട്ടുണ്ടെന്ന് പറഞ്ഞത്.
ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവിന്റെ അമ്മ തന്നെയാണ് ആഭിചാരക്രിയക്കായി ആളെ വിളിച്ചുവരുത്തിയത്. യുവതിക്ക് മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ചെയ്തു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങുന്ന ആഭിചാരക്രിയ രാത്രി പത്ത് മണി വരെ നീളുമെന്ന് യുവതി. കാലില്‍ പട്ടുകൊണ്ട് കെട്ടി മദ്യം കുടിപ്പിച്ചെന്നുംദേഹം പൊള്ളിക്കുകയും ചെയ്തു.
ഇതേ തുടർന്ന് യുവതിയുടെ മാനസിക നില തകരാറിലാകുകയായിരുന്നു. വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കൾ മണർകാട് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഇവരെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തത്.







