സന്നിധാനത്ത് വീണ്ടും പരിശോധന; സ്വര്‍ണപ്പാളികളുടെ സാംപിള്‍ ശേഖരിച്ച് എസ്‌ഐടി

0
47

സന്നിധാനം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ വീണ്ടും സ്വര്‍ണപ്പാളികളുടെ പരിശോധന നടത്തി പ്രത്യേക അന്വേഷണസംഘം. സന്നിധാനത്തെത്തിയ എസ്‌ഐടി വീണ്ടും സ്വര്‍ണപ്പാളികളുടെ സാംപിള്‍ ശേഖരിച്ചു. മുന്‍പ് നടത്തിയ പരിശോധനയില്‍ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വീണ്ടും സാംപിള്‍ ശേഖരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ബാബാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ പോലുള്ള ഉന്നത നിലവാരമുള്ള കേന്ദ്ര ലാബുകളിലാണ് ഇനി സാംപിളുകളുടെ പരിശോധന നടക്കുക.

ശ്രീകോവിലിനു ചുറ്റുമുള്ള സ്വര്‍ണപ്പാളികളുടെ സാംപിളാണ് ശേഖരിച്ചത്. ശ്രീകോവിലിന് ചുറ്റുമുള്ള ഭാഗം എസ്‌ഐടി പരിശോധിച്ചു. ശ്രീകോവിലിലെ നാലു തൂണുകള്‍ ഇളക്കിയ ശേഷം പ്രത്യേകം തയാറാക്കിയ മുറിയിലായിരുന്നു പരിശോധന. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവാഭരണം മുന്‍ കമ്മിഷണര്‍ കെ.എസ് ബൈജുവിന് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയായതിനു പിന്നാലെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം നല്‍കിയത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്.

അതിനിടെ മണ്ഡല മകരവിളക്ക് സമയത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന ജീവനക്കാരുടെ പണമിടപാടുകള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. 2025 നവംബര്‍ 17 മുതല്‍ സന്നിധാനത്ത് ജോലി ചെയ്തിരുന്ന ചില താത്കാലിക സ്ഥിര ജീവനക്കാരുടെ പണമിടപാടുകള്‍ സംശയകരമെന്ന് ചീഫ് വിജിലന്‍സ് ഓഫിസര്‍ ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്‍, കെ. വി. ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here