

ടെഹ്‌റാന്‍: യു.എസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമം സ്ഥിരീകരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഓഫിസില്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ ഖമനേയി കൊല്ലപ്പെട്ടെന്നാണ് ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ ഖമനയിയുടെ മകളും മരുമകനും കൊച്ചുമകനും കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഖമനേയിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കഴിഞ്ഞ 35 വര്‍ഷമായി ഇറാന്റെ പരമോന്നത നേതാവാണ് ആയത്തുള്ള അലി ഖമനയി.
അക്രമണം ആരംഭിച്ചതിന്റെ ആദ്യമണിക്കൂറില്‍ തന്നെ ഖമനേയിയെ വധിച്ചതായും ഡ്രോണ്‍ അല്ലെങ്കില്‍ ജെറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യയില്‍ ഏറ്റവും അധികകാലം രാഷ്ട്രഭരണം നടത്തിയ രാഷ്ട്രത്തലവന്‍ കൂടിയാണ് ഖമനേയി. നേരത്തെ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ‘ചരിത്രത്തിലെ തന്നെ ഏറ്റവും പൈശാചികനായ മനുഷ്യന്‍ കൊല്ലപ്പെട്ടുവെന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ ഇറാന്‍ ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കളഞ്ഞിരുന്നു. പിന്നാലെയാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ തന്നെ സ്ഥിരീകരണം നല്‍കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
ഖമനേയി കൊല്ലപ്പെട്ടതോടെ ഇറാന് തിരിച്ചടിയും യുഎസ്-ഇസ്രായേല്‍ സഖ്യത്തിന് മേല്‍ക്കൈയും ഉണ്ടായ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. അതേസമയം, ഇറാനില്‍ യുഎസ് പിന്തുണയോടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 201 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 747 പേര്‍ക്കാണ് പരിക്കേറ്റത്. ഇറാനിലെ ഹാര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇറാന്റെ പ്രത്യാക്രമണത്തില്‍ ഗള്‍ഫ് മേഖലയിലും നാശനഷ്ടങ്ങളുണ്ടായി.
1939-ല്‍ ഷിയ മുസ്ലിം വിഭാഗത്തിന്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമായ മഷാദിലായിരുന്നു ആയത്തുള്ള അലി ഖമനേയിയുടെ ജനനം. ഖുമിലെ സെമിനാരിയില്‍ നിന്ന് മതപഠനം നേടിയ ഖമനേയി ഷാ ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ പോരാടി ജനപ്രീതി നേടിയ നേതാവാണ്. അമേരിക്ക പിന്തുണച്ചിരുന്ന മുഹമ്മദ് റെസ പഹ്ലവി ഭരണകൂടത്തിനെതിരെ 1979ല്‍ നടന്ന ഇസസ്ലാമിക വിപ്ലവം ആയത്തുള്ള റൂഹുള്ള ഖൊമെയ്‌നിയുടെ വിശ്വസ്ഥനായിരുന്നു അലി ഖമനേയി. 1981ല്‍ ഖമനേയി ഇറാന്റെ മൂന്നാമത്തെ പ്രസിഡണ്ടായി. 1989ല്‍ ഇറാന്‍ പ്രസിഡണ്ടായിരിക്കെ പരമോന്നത നേതാവായി ചുമതലയേറ്റു. പിന്നാലെ ഇറാന്‍ സൈന്യം, നീതിന്യായ വ്യവസ്ഥിതി, മാധ്യമങ്ങള്‍, എന്നിവ എളുപ്പം ഖമനേയിയുടെ കൈപ്പിടിയിലേക്ക് എത്തി.










