spot_imgspot_imgspot_img

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

Date:

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു. ഈ രാവ് മലയാളിയും കേരളവും ഉള്ള കാലം മറക്കില്ല. ഈ രാവ് പകലാകും മലയാളി ആരാധകര്‍ക്ക് മുന്നില്‍. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്തെറിഞ്ഞ് ഇന്ത്യ മൂന്നാമത് ടി-20 കിരീടം ചൂടിയിരിക്കുന്നു. അവഗണനയുടെ കൊടുമുടി കയറിയ സഞ്ജു സാംസണ്‍ എന്ന മലയാളിയുടെ സ്വന്തം ചേട്ടന്‍, ടീം ഇന്ത്യയുടെ വല്യേട്ടനായിരിക്കുന്നു. ദി റിയല്‍ ഹീറോ. സഞ്ജുവിന്റെ പോരാട്ടത്തിന്റെ കഥ കൂടിയാണ് ഈ എഴുതപ്പെടുന്നത്. സഞ്ജു സാംസണ്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇതുവരെ കിവീസിനെ ടി-20 ലോകകപ്പില്‍ തോല്‍പ്പിച്ചിട്ടില്ലെന്ന ചരിത്രം കൂടിയാണ് തിരുത്തിക്കുറിക്കപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം തവണ ലോകകപ്പ് നേടുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇന്ത്യയ്ക്ക് മാത്രം സ്വന്തം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍, ലക്ഷ്യത്തിന് 96 റണ്‍സ് അകലെ കിതച്ചു വീണു. 19 ഓവറില്‍159 റണ്‍സ് നേടി ന്യൂസിലാന്‍ഡിന്റെ എല്ലാവരും പുറത്തായി. സഞ്ജു സാംസണാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. സഞ്ജു 89 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായി. അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും അര്‍ധസെഞ്ചുറിയോടെ തിളങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 255-ലേക്ക് കുതിച്ചു. ക്രീസിലെത്തിയ ശേഷം സഞ്ജു നേരിട്ട ആദ്യ നാലു പന്തുകളും ഡോട്ട്. അഞ്ചാം പന്തില്‍ സ്ിക്‌സറടിച്ചു കൊണ്ട് ഇന്ത്യന്‍ അക്കൗണ്ട് തുറന്നു. പിന്നെ നടന്നത് ഒരു വെടിക്കെട്ട് ആയിരുന്നു. സഞ്ജുവും അഭിഷേകും വെടിക്കെട്ടിന് തിരികൊളുത്തി. സിക്‌സറുകള്‍ ബൗണ്ടറിക്കു മുകളിലൂടെ മൂളിപ്പറന്നു. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കത്തിക്കയറിയതോടെ കിവീസ് ബൗളര്‍മാര്‍ക്ക് പിന്നെ കാഴ്ചക്കാരുടെ റോള്‍ മാത്രമായി.

ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 92 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ആറാം ഓവറില്‍ 18 പന്ത് നേരിട്ട അഭിഷേക് അര്‍ധസെഞ്ചുറിയും തികച്ചു. ഏട്ടാം ഓവറില്‍ 21 പന്തില്‍ 52 റണ്‍സെടുത്ത അഭിഷേക് പുറത്തായി. പിന്നാലെയിറങ്ങിയ ഇഷാന്‍ കിഷനുമൊത്ത് സഞ്ജു ഇന്ത്യയെ മുന്നോട്ടുനയിച്ചു. ഇഷാനും തകര്‍ത്തടിച്ചതോടെ ഇന്ത്യയുടെ കുതിപ്പിന് വേഗം പിന്നെയും കൂടി. തികച്ചും പ്രൊഫഷണല്‍ മോഡില്‍ ബാറ്റ് വീശിയ സഞ്ജു 33 പന്തില്‍ അര്‍ധശതകം കുറിച്ചു. അര്‍ധശതകം തികച്ചതോടെ സഞ്ജു വീണ്ടും ആക്രമണകാരിയായി. കിവീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഒപ്പം ഇഷാനും ചേര്‍ന്നതോടെ അഹമ്മദാബാദ് അക്ഷരാര്‍ഥത്തില്‍ ആവേശക്കടലായി മാറി.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ താണ്ഡവമാടിയ അഹമ്മദാബാദില്‍ പിന്നീട് കിവീസ് തിരിച്ചടിക്കുന്നതാണ് കണ്ടത്. ജയിംസ് നീഷാം എറിഞ്ഞ 16-ാം ഓവറിലെ ആദ്യ പന്തില്‍ സഞ്ജു മടങ്ങി. ലോങ് ഓണില്‍ ക്യാച്ചായി പുറത്താകുമ്പോള്‍ 46 പന്തില്‍ 89 റണ്‍സായിരുന്നു മലയാളി താരത്തിന്റെ സമ്പാദ്യം. ഓവറിലെ അഞ്ചാം പന്തില്‍ ഇഷാന്‍ കിഷനും അവസാന പന്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വീണതോടെ ഇന്ത്യ അല്‍പ്പം പ്രതിരോധത്തിലായി. ഇഷാന്‍ 25 പന്തില്‍ നിന്ന് 54 റണ്‍സെടുത്തപ്പോള്‍ സൂര്യ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. 16 ഓവറില്‍ ഇന്ത്യ 204-4.

പിന്നീട് ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ ഇന്ത്യയുടെ റണ്ണൊഴുക്ക് കുറഞ്ഞു. ഹാര്‍ദിക്കും തിലക് വര്‍മയും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. 18 ഓവര്‍ കഴിയുമ്പോല്‍ 220 റണ്‍സായിരുന്നു ഇന്ത്യയെടുത്തത്. ഹാര്‍ദിക് 18 റണ്‍സുമായി പുറത്തായി. അവസാന ഓവറില്‍ ദുബെ വെടിക്കെട്ട് നടത്തിയപ്പോള്‍ പിറന്നത് 24 റണ്‍സ്. അതോടെ ഇന്ത്യ 255 ലെത്തി.

256 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റേന്തിയ കിവീസിനെ തുടക്കത്തില്‍ ഇന്ത്യ പ്രതിരോധത്തിലാക്കി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ അലനെ ശിവം ദുബെ കൈവിട്ടെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചുവന്നു. രണ്ടാം ഓവറില്‍ കിവീസ് ബാറ്റര്‍മാര്‍ 21 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ പിന്നീടെറിഞ്ഞ രണ്ടോവറിലും ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തി. ഫിന്‍ അലനെ(9) അക്ഷര്‍ പട്ടേലും രചിന്‍ രവീന്ദ്രയെ(1) ബുംറയും പുറത്താക്കി. ടിം സെയ്ഫേര്‍ട്ടാണ് കിവീസ് ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. സെയ്ഫേര്‍ട്ട് അര്‍ധസെഞ്ചുറി നേടിയെങ്കിലും ഫലമുണ്ടായില്ല. താരം 52 റണ്‍സെടുത്തു.ചാപ്മാന്‍(3)ഡാരില്‍ മിച്ചല്‍(17), ജയിംസ് നീഷാം(8), മാറ്റ് ഹെന്റി(0) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ കിവീസ് അടിയറവ് പറഞ്ഞു. പിന്നീട് ക്യാപ്റ്റന്‍ സാന്റ്നര്‍ പൊരുതിയെങ്കിലും എത്തിപ്പിടിക്കാവുന്ന ലക്ഷ്യമായിരുന്നില്ല. സാന്റ്നര്‍ 43 റണ്‍സെടുത്തു. വിക്കറ്റ് വീഴ്ത്തി ബുംറ തിരിച്ചടിച്ചതോടെ 159 റണ്‍സിന് കിവീസ് പുറത്തായി.

ഇന്ത്യയുടെ മൂന്നാമത് ടി-20 ലോകകിരീടമാണിത്,. 2007, 2024 വര്‍ഷങ്ങളിലാണ് ഇന്ത്യ ഇതിന് മുന്‍പ് ടി20 ലോകകിരീടം സ്വന്തമാക്കിയത്. ഏകദിനത്തിലും ടി20യിലുമായി ഇന്ത്യയുടെ അഞ്ചാം ലോകകിരീടമാണിത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് പൂട്ടിട്ട് കെപിസിസി; പരസ്യ പ്രസ്താവനകള്‍ പാടില്ല; അച്ചടക്ക ലംഘനമായി കണക്കാക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പ് തന്നെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാന...

വിദ്യാഭ്യാസ മേഖലയില്‍ കാലോചിത മാറ്റം അനിവാര്യം: മന്ത്രി പി.രാജീവ്

കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ സൗജന്യ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം രണ്ടാം പതിപ്പ്...

ഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി...

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22...
Telegram
WhatsApp