| കഴക്കൂട്ടം: പണം നൽകാത്തതിലുള്ള വൈരാഗ്യത്തെത്തുടർന്ന് കുഞ്ഞുമ്മയും കുടുംബവും താമസിച്ചിരുന്ന വാടകവീടിന് സഹോദരീപുത്രൻ തീയിട്ടു. അണ്ടൂർക്കോണം പഞ്ചായത്തിലെ ആലുംമൂട്ടിൽ ലക്ഷം വീട് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന അമീന-ഷാജഹാൻ ദമ്പതികളുടെ ‘അൻസി മൻസിൽ’ എന്ന വീടാണ് ഫൈസൽ എന്ന യുവാവ് ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊടുത്തിട്ട് കടന്നുകളഞ്ഞത്.
സംഭവത്തിൽ ഫൈസലിനെ മംഗലപുരം പൊലീസ് അറസ്റ്രുചെയ്തു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. ബുധനാഴ്ച രാത്രിയോടെ തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. ലഹരിമരുന്ന് വാങ്ങാൻ പണം ആവശ്യപ്പെട്ട് അമീനയുടെ വീട്ടിലെത്തിയ ഫൈസലിനെ ദമ്പതികൾ ശകാരിച്ച് തിരിച്ചയച്ചു. ഇതിൽ പ്രകോപിതനായ ഫൈസൽ വീടിന് മുന്നിൽ വെച്ച് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വന്തം കൈഞരമ്പ് മുറിച്ചു ആത്മഹത്യാ ഭീഷണി മുഴക്കി. ഉടൻ തന്നെ മംഗലപുരം പോലീസ് ഇടപ്പെട്ട് ഫൈസലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരുമറിയാതെ രക്ഷപ്പെട്ട ഇയാൾ പുലർച്ചെയോടെ വീണ്ടും കണിയാപുരത്തെത്തുകയും വീടിനുള്ളിൽ കടന്ന് പാചകവാതക സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയുമായിരുന്നു. ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനത്തിൽ വീടിന്റെ ഭിത്തികൾ തകരുകയും ഉള്ളിലുണ്ടായിരുന്ന മുഴുവൻ ഗൃഹോപകരണങ്ങളും കത്തിനശിക്കുകയും ചെയ്തു. തീ പടരുമ്പോൾ അമീനയും കുടുംബവും ബന്ധുവീട്ടിലായിരുന്നതിനാൽ മാത്രമാണ് വൻ ദുരന്തം ഒഴിവായത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം അഗ്നിരക്ഷാ നിലയത്തിൽ നിന്നും രണ്ട് യൂണിറ്റ് വാഹനങ്ങൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്.
ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ കാരണം സമീപത്തെ മറ്റ് വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. ലഹരിക്ക് അടിമയായ ഫൈസൽ മുൻപും ക്രിമിനൽ പശ്ചാത്തലമുള്ളയാളാണോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. |