’48 മണിക്കൂര്‍ സമയം തരും; ഹോര്‍മൂസ് തുറന്നില്ലെങ്കില്‍ നരകം പെയ്തിറങ്ങും’; ഇറാന് അന്ത്യശാസനവുമായി ട്രംപ്

0
51

വാഷിംഗ്ടണ്‍: ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ ഇറാന് അന്ത്യശാസനവുമായി യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഹേര്‍മൂസിലെ ഉപരോധം നീക്കാന്‍ 48 മണിക്കൂര്‍ സമയം അനുവദിക്കുമെന്നും അതിനകം കടലിടുക്ക് തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ഇറാന്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഉപരോധം നീക്കിയില്ലെങ്കില്‍ ഇറാനു മേല്‍ നരകം പെയ്തിറങ്ങുമെന്നാണ് ട്രംപിന്റെ ഭീഷണി. ഈ സമയപരിധിക്കകം ഇറാന്‍ തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ വന്‍ സൈനിക നീക്കം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. നേരത്തെ ഹോര്‍മൂസ് തുറക്കുന്നതിന് ട്രംപ് അനുവദിച്ചിരുന്ന പത്തു ദിവസത്തെ കാലാവധി ഏപ്രില്‍ ആറിന് അവസാനിരിക്കെയാണ് ട്രംപ് വീണ്ടും പുതിയ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. അതേസമയം, വെടിനിര്‍ത്തല്‍ സാധ്യതകള്‍ക്ക് സൂചന നല്‍കി പാകിസ്താന്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാമാബാദില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തങ്ങള്‍ വിസമ്മതിച്ചിട്ടില്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ഷിയും അറിയിച്ചു.

എന്നാല്‍, ചര്‍ച്ചകള്‍ യുദ്ധം അവസാനിപ്പിക്കുന്നതിലേക്കും കൃത്യമായ പരിഹാരത്തിലേക്കും നയിക്കുന്നതാകണമെന്നാണ് ഇറാന്റെ നിലപാട്. ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം തള്ളി. പാകിസ്താനും ചൈനയും ഇറാനെ ചര്‍ച്ചകള്‍ക്കായി പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ഇറാന്‍ ഇതുവരെ ഔദ്യോഗികമായി തങ്ങളുടെ സന്നദ്ധത അറിയിച്ചിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here