

കൊല്ലം: കടയ്ക്കലില്‍ ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തിന് പകരം തീര്‍ക്കാന്‍ യുവാവിനെ പിന്തുടര്‍ന്നെത്തി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. കടയ്ക്കല്‍ സ്വദേശികളായ ജയേഷ്, ലിജോ, അജീഷ്, രാഹുല്‍ എന്നവരാണ് പിടിയിലായത്. കടയ്ക്കല്‍ അഞ്ചുമുക്കില്‍ വാടകയ്ക്ക് താമസിക്കുന്ന വയലാ ശരത് മന്ദിരത്തില്‍ ശരത് എന്ന 38കാരനാണ് കൊല്ലപ്പെട്ടത്.
വൈകുന്നേരം 5.30ന് കടയ്ക്കല്‍ മേലേ പന്തളംമുക്കിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന ശരത്തിനെ പിന്തുടര്‍ന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ശരത് സമീപത്തെ വീട്ടിലേക്ക് ഓടി കയറുകയായിരുന്നു, രക്തം വാര്‍ന്ന ശരത്തിനെ ഓടിയെത്തിയ നാട്ടുകാര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന ശരത് ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. നേരത്തെ കടയ്ക്കലില്‍ സ്വകാര്യ ബസ് ഡ്രൈവറായിരുന്നു.










