കോണ്‍ഗ്രസിന്റെ സ്വഭാവം വച്ച് സിപിഎമ്മിനെ അളക്കാനും മാര്‍ക്കിടാനും വരണ്ട; രാഹുല്‍ ഗാന്ധിക്ക് പിണറായിയുടെ മറുപടി

0
51

തിരുവനന്തപുരം: സംഘപരിവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കോണ്‍ഗ്രസിന്റെ സ്വഭാവം വച്ച് സിപിഐഎമ്മിനെ അളക്കാനും മാര്‍ക്കിടാനും വരരുതെന്നാണ് രാഹുല്‍ഗാന്ധിക്ക് പിണറായിയുടെ ഉപദേശം. ന്യൂനപക്ഷങ്ങളെ ആക്രമിക്കാനും ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ ഉള്‍പടെ അറസ്റ്റ് ചെയ്യാനും അടക്കം ബിജെപി സര്‍ക്കാരിന് എന്നും ആയുധമായത് കോണ്‍ഗ്രസിന്റെ സംഭാവനകളാണെന്നും അത് രാഹുല്‍ഗാന്ധി മറക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് പിണറായിയുടെ പ്രതികരണം.

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുളളതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം അജ്ഞതയും അധികപ്രസംഗവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ബിജെപിക്കെതിരെ അന്നുതന്നെ ഇടതുപക്ഷം ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും അന്നും കോണ്‍ഗ്രസിന്റെ ഇടപെടലുകള്‍ ആത്മാര്‍ത്ഥതയില്ലാത്തതായിരുന്നെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘2022-23ലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ നിന്ന് ആയിരക്കണക്കിന് ഗോത്ര വിഭാഗങ്ങളില്‍പ്പെട്ട ക്രൈസ്തവരെ സംഘപരിവാര്‍ പ്രേരണയാല്‍ ആട്ടിയോടിച്ചപ്പോള്‍ കോണ്‍ഗ്രസ് ഭരണമായിരുന്നില്ലേ അവിടെ? അന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് അവധിയെടുത്തിരുന്നുവോ? ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാം വകുപ്പു പ്രകാരമാണ് കന്യാസ്ത്രീകളെ ബിജെപി സര്‍ക്കാര്‍ അറസ്റ്റു ചെയ്തത്. 2000 ല്‍ മധ്യപ്രദേശിനെ വിഭജിച്ച് ഛത്തീസ്ഗഡ് രൂപീകരിക്കപ്പെട്ടപ്പോള്‍ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാരാണ് മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം ഛത്തീസ്ഗഡിലും അതേപടി നിലനിര്‍ത്തിയത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട ഈ നിയമം റദ്ദാക്കാന്‍ പലഘട്ടങ്ങളില്‍ വര്‍ഷങ്ങളോളം സംസ്ഥാനത്തു ഭരണത്തിലിരുന്ന കോണ്‍ഗ്രസ്സ് തയ്യാറായില്ല. ഭരണഘടനാവിരുദ്ധവും മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെ അടിച്ചമര്‍ത്താനുപയോഗിച്ചു വരുന്നതുമായ ഈ നിയമം റദ്ദുചെയ്യണമെന്നാണ് ഇടതുപക്ഷത്തിന്റെ സുവ്യക്തമായ നിലപാട്. ഏറ്റവുമൊടുവില്‍ 2024 ലോകസഭാ തെരഞ്ഞെടുപ്പിനായി സിപിഐഎം പുറത്തിറക്കിയ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടെ അതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here