
പട്ന: ബീഹാറിലെ വിഷ മദ്യ ദുരന്തത്തിൽ അഞ്ചുപേർ മരിച്ചു. ബീഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് സംഭവം. കൂടെയുണ്ടായിരുന്ന അഞ്ചുപേര്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജില്ലയിലെ മോത്തിഹാരി നഗരത്തിലെ രഘുനാഥ്പൂർ , തുർകൗലിയാ മേഖലകളിൽ നിന്നുള്ളവരാണ് ഇരകൾ. ബുധനാഴ്ച മുതലാണ് ജില്ലയിലെ തുർകൗലിയ, രഘുനാഥ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്.
25കാരനായ യുവാവാണ് ആദ്യം മരിച്ചത്. എന്നാല്‍ മരണ വിവരം പൊലീസിനെ അറിയിയിച്ചിരുന്നില്ല. ചമ്പാരൻ ജില്ലയിലെ ആറ് പേർക്ക് വിഷമദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടതായാണ് വിവരം. ചികിത്സയിൽ കഴിയുന്നവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.







