
വത്തിക്കാൻ: ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളിൽ മരവിപ്പ് തോന്നരുതെന്നും സമാധാനത്തിനായി പ്രവർത്തിക്കണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ. ഈസ്റ്റർ സന്ദേശത്തിലാണ് ലിയോ പതിനാലാമൻ മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈസ്റ്റർ സമ്മാനങ്ങൾ എല്ലായിടത്തും പടരാൻ നീതിക്ക് വേണ്ടി പോരാടിയ വിശുദ്ധരുടെ മാതൃക പിന്തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മാത്രമല്ല ശത്രുതയുടെ പാത വെടിയാനും അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാനും ലിയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. അവിശ്വാസം, ഭയം, സ്വാർത്ഥത, കോപം തുടങ്ങിയ ഘടകങ്ങൾ യുദ്ധത്തിലൂടെയും അനീതിയിലുടെയും രാജ്യങ്ങളെയും മനുഷ്യരെയും ഒറ്റപ്പെടുത്തുന്നുവെന്നും മാർപാപ്പ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.
മനുഷ്യന് ശരീരത്തെ ഇല്ലാതാക്കാനാകുമെങ്കിലും സ്‌നേഹമാകുന്ന ദൈവത്തിന്റെ ജീവൻ മരണത്തെ മറികടക്കാനാകുന്ന നിത്യജീവനാണെന്നും അതിനെ തടവിലാക്കാനാകില്ലെന്നും മാർപാപ്പ പറഞ്ഞു. ഈസ്റ്റർ വിദ്വേഷത്തെയും വെറുപ്പിനെയും പുറത്താക്കുകയും ശക്തരെ താഴേക്കിറക്കുകയും ചെയ്യുന്നുവെന്നും മാർപാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന കുർബാനയിൽ ആയിരങ്ങൾ പങ്കെടുത്തു.







