ബിന്ദുവിനോട് ‘കടക്ക് പുറത്തെ’ന്ന് ബിജെപി; ശോഭയ്‌ക്കെതിരായ ഓഡിയോ പുറത്തുവിട്ട ബിന്ദു പാര്‍ട്ടിക്ക് പുറത്ത്

0
49

തിരുവനന്തപുരം: വോട്ടിന് കോഴ ആരോപണത്തിന്റെ പേരില്‍ ശോഭ സുരേന്ദ്രന്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് പരാതി പറഞ്ഞ ബിന്ദു വിനയകുമാറിനെതിരെ നടപടി എടുത്ത് ബിജെപി. പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നടക്കം സസ്‌പെന്‍ഡ് ചെയ്തു കൊണ്ടാണ് പാര്‍ട്ടി പരാതിക്കാരിക്കെതിരെ നടപടി സ്വീകരിച്ചത്. ശോഭാ സുരേന്ദ്രന്റെ ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ടു കൊണ്ടാണ് ബിന്ദു വിനയകുമാര്‍ പരാതി നല്‍കിയിരുന്നത്. തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടി എന്നാണ് ബിജെപിയുടെ വിശദീകരണം.

ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡണ്ടാണ് ബിന്ദു. ബിന്ദുവിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കുമെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തതെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് അറിയിച്ചു. ശോഭയുടെ ഓഡിയോ പുറത്തു വിട്ടതിനൊപ്പം ഗുരുതര ആരോപണങ്ങളും ഉന്നയിച്ചാണു ബിന്ദു പൊലീസില്‍ പരാതി നല്‍കിയത്.

പാലക്കാട്ടെ വോട്ടര്‍ക്ക് പണം നല്‍കിയ സ്ത്രീക്ക് പിന്നില്‍ ബിന്ദു ആണെന്നാണ് ശോഭ ആരോപിക്കുന്നത്. നിങ്ങള്‍ ബിജെപി പ്രവര്‍ത്തക അല്ലേ എന്ന് ചോദിച്ച് സംഭാഷണം തുടങ്ങുന്ന ശോഭ അടിച്ച് പണിക്കുറ്റം തീര്‍ക്കുമെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ ശോഭ പറയുന്നത്. വോട്ടര്‍ക്ക് പണം നല്‍കിയ സ്ത്രീ വന്നത് ആലപ്പുഴ റജിസ്‌ട്രേഷനിലുള്ള കാറിലാണെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും സംസ്ഥാന അധ്യക്ഷന് പരാതി നല്‍കുമെന്നും ശോഭ പറയുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍നിന്ന് മത്സരിച്ചിരുന്നു. അന്നു മുതല്‍ നിലനില്‍ക്കുന്ന കടുത്ത വിഭാഗീയതയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. പാര്‍ട്ടിയെ രണ്ട് ജില്ലകളായി തിരിച്ചതിനു പിന്നാലെ രൂപപ്പെട്ട ചേരിതിരിവുകളാണ് പുതിയ വിവാദങ്ങള്‍ക്ക് അടിസ്ഥാനമെന്നാണ് സൂചന.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here