‘അടിച്ചു പണിക്കുറ്റം തീര്‍ക്കും, കോടതി കയറ്റും’; ബിജെപി പ്രവര്‍ത്തകയൈ ഭീഷണിപ്പെടുത്തി ശോഭ സുരേന്ദ്രന്‍

0
47

പാലക്കാട്: വോട്ടിന് കോഴ ആരോപണത്തില്‍ ബിജെപി വനിതാ നേതാവിനു നേരെ കൊലവിളി നടത്തി ബിജെപി നേതാവും പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്‍. ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു വിനയകുമാറിനെയാണ് ശോഭ ഭീഷണിപ്പെടുത്തിയത്. ബിന്ദുവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തായി. പാലക്കാട് കണ്ണാടി പഞ്ചായത്തില്‍ വോട്ടിന് കോഴ നല്‍കിയെന്ന് പറയുന്ന സ്ത്രീക്കു പിന്നില്‍ ബിന്ദുവാണെന്ന് ആരോപിച്ചാണ് ശോഭ ഫോണില്‍ വിളിച്ച് ബിന്ദുവിനെ ഭീഷണിപ്പെടുത്തിയത്.

പാലക്കാട്ടെ വോട്ടര്‍ക്ക് പണം നല്‍കിയ സ്ത്രീക്ക് പിന്നില്‍ ബിന്ദു ആണെന്നാണ് ശോഭ ആരോപിക്കുന്നത്. നിങ്ങള്‍ ബിജെപി പ്രവര്‍ത്തക അല്ലേ എന്ന് ചോദിച്ച് സംഭാഷണം തുടങ്ങുന്ന ശോഭ അടിച്ച് പണിക്കുറ്റം തീര്‍ക്കുമെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ ശോഭ പറയുന്നത്. വോട്ടര്‍ക്ക് പണം നല്‍കിയ സ്ത്രീ വന്നത് ആലപ്പുഴ റജിസ്‌ട്രേഷനിലുള്ള കാറിലാണെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും സംസ്ഥാന അധ്യക്ഷന് പരാതി നല്‍കുമെന്നും ശോഭ പറയുന്നുണ്ട്.

ശോഭാ സുരേന്ദ്രനെതിരെ ബിന്ദു പൊലീസില്‍ പരാതി നല്‍കി. കോള്‍ റെക്കോര്‍ഡ് അടക്കമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെയാണ് ശോഭ വിളിച്ചതെന്ന് ബിന്ദു പറഞ്ഞു. ഫോണിലൂടെ സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചു. തന്നെയും ഭര്‍ത്താവിനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയതെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ചിരുന്നു. അന്നു മുതല്‍ നിലനില്‍ക്കുന്ന കടുത്ത വിഭാഗീയതയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. പാര്‍ട്ടിയെ രണ്ട് ജില്ലകളായി തിരിച്ചതിന് പിന്നാലെ രൂപപ്പെട്ട ചേരിതിരിവുകളാണ് പുതിയ വിവാദങ്ങള്‍ക്ക് അടിസ്ഥാനമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിശ്ശബ്ദ പ്രചാരണദിനമായ ഏപ്രില്‍ 8നു കണ്ണാടി തരുവക്കുറിശിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കായി വോട്ടര്‍ക്ക് 5,000 രൂപ നല്‍കിയെന്നു കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം തിരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌ക്വാഡ് സ്ഥലത്തെത്തി വോട്ടറുടെ മൊഴി രേഖപ്പെടുത്തി. ഫ്‌ളയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തു. ശോഭയുടെ മൊഴിയും രേഖപ്പെടുത്തി. വിവാദം ബിജെപിക്ക് തിരിച്ചടിയായി. ഈ വിവാദത്തില്‍ ബിന്ദുവിനു പങ്കുണ്ടെന്നാണ് ശോഭ ആരോപിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here