യൂട്യൂബ് വീഡിയോ അനുകരിച്ച് സ്റ്റീല്‍ പാത്രത്തിനുള്ളില്‍ വച്ച് പടക്കം പൊട്ടിച്ചു; പതിനാറുകാരന് ദാരുണാന്ത്യം

0
260

കോഴിക്കോട്: ഇന്റര്‍നെറ്റിലെ വീഡിയോ അനുകരിച്ച് സ്റ്റീല്‍പാത്രം കൊണ്ട് മറച്ച് പടക്കം പൊട്ടിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ പതിനാറുകാരന് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി എ.കെ അദ്വൈത് ആണ് മരിച്ചത്. വിഷുദിനത്തില്‍ ക്ഷേത്രപറമ്പില്‍ കൂട്ടുകാര്‍ക്കൊപ്പം സ്റ്റീല്‍ പാത്രത്തിനുള്ളില്‍ പടക്കം പൊട്ടിക്കാനുള്ള ശ്രമത്തിലാണ് അദ്വൈതിന് ഗുരുതര പരുക്കേറ്റത്്.

ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ കൊയിലാണ്ടിയിലെ കൊരയങ്ങാട് ക്ഷേത്രപറമ്പില്‍ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. യൂട്യൂബ് വീഡിയോയില്‍ കണ്ടത് അനുകരിച്ച് കൂടുതല്‍ ശബ്ദം കിട്ടാന്‍ ഗുണ്ട് സ്റ്റീല്‍ പാത്രത്തിനുള്ളില്‍ വച്ച് പൊട്ടിക്കുന്നതിനിടെ പാത്രം തകര്‍ന്ന് സ്റ്റീല്‍ ചീളുകള്‍ ശരീരത്തില്‍ തറച്ചാണ് അദ്വൈതിനു ഗുരുതരമായി പരുക്കേറ്റത്. സ്റ്റീല്‍ പാത്രത്തിന്റെ ഭാഗം അദ്വൈതിന്റെ ശരീരത്തിലെ കക്ഷത്തിന്റെ ഭാഗത്ത് രക്തധമനിയില്‍ തറച്ചുകയറിയിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിയെത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമിതമായി രക്തം വാര്‍ന്നുപോയതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മറ്റൊരു കുട്ടിക്ക് നിസാര പരുക്കേറ്റു. ഈ കുട്ടിക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. കൊയിലാണ്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു. സ്‌കൂള്‍ കലോത്സവത്തിലും മറ്റും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുളള അദ്വൈത് എടക്കോടന്‍ വീട്ടില്‍ അനീഷിന്റെയും ബിന്‍സിയുടെയും മകനാണ്. അര്‍ജുന്‍ ഏക സഹോദരനാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here