
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികിത്സ കിട്ടാതെ കെഎസ്ഇബി താത്കാലിക ജീവനക്കാരന്‍ മരിച്ചെന്ന് പരാതി.തിരുവനന്തപുരം അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്. കുഴഞ്ഞുവീണ സന്തോഷിനെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോള്‍ ഓക്‌സിജന്‍ നല്‍കാന്‍ പോലും ജീവനക്കാര്‍ ഉണ്ടായിരുന്നില്ല എന്നാണ് ആരോപണം.
മതിയായ ജീവനക്കാരോ ഡ്യൂട്ടി ഡോക്ടറോ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും ചികിത്സ കിട്ടാതെയാണ് സന്തോഷ് മരിച്ചതെന്നാണ് സഹപ്രവർത്തകർ ആരോപിക്കുന്നത്. ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ സന്തോഷിനെ ഉടൻ തന്നെ പാറശ്ശാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ സന്തോഷിന് ജീവനുണ്ടായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.
വൈകീട്ട് 5 മണിയോടെയാണ് സന്തോഷിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയിൽ നിന്നും നൂറു മീറ്റർ അകലെ ജോലി ചെയ്യുന്നതിനിടെയാണ് സന്തോഷ് കുഴഞ്ഞ് വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജീവൻ രക്ഷിക്കാനുള്ള നടപടികളൊന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നും കൃത്യമായ ചികിത്സ നൽകിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഈയടുത്ത നവീകരിച്ച ആശുപത്രിയിലാണ് അനാസ്ഥ. സംഭവത്തിൽ ആശുപത്രിക്ക് മുന്‍പില്‍ സന്തോഷിന്റെ സഹ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.







