45,000 ടണ്‍ എല്‍പിജിയുമായി ഹോര്‍മൂസ് കടന്ന് ഇന്ത്യയുടെ ‘സര്‍വ് ശക്തി’; അതിനിര്‍ണായക നീക്കം; ഗ്യാസ് ക്ഷാമം തീരുമോ.?

0
22

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ഹോര്‍മൂസ് കടന്ന് ഒരു ഇന്ത്യന്‍ ടാങ്കര്‍ കൂടി. പാചകവാതകവും വഹിച്ചുള്ള ഇന്ത്യന്‍ ജീവനക്കാരുള്‍പ്പെട്ട സര്‍വ് ശക്തി എന്ന എല്‍പിജി സൂപ്പര്‍ ടാങ്കറാണ് ശനിയാഴ്ച ഹോര്‍മൂസ് കടന്നത്. 45,000 ടണ്‍ എല്‍പിജിയും വഹിച്ചു കൊണ്ടാണ് സര്‍വ് ശക്തി ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമായ ഒരു നീക്കമായാണ് എല്‍പിജി ടാങ്കര്‍ ഹോര്‍മൂസ് കടലിടുക്ക് കടന്നതിനെ വിലയിരുത്തുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് കപ്പലിലെ ചരക്ക് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കമ്പനി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മറൈന്‍ ട്രാഫിക് ഡോട്ട്‌കോമില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് മാര്‍ച്ച് മൂന്നിന് യുഎഇയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍, പശ്ചിമേഷ്യയില്‍ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ കഴിയുകയായിരുന്നു. ഇറാനും ഒമാന്റെ മുസന്ദം ഉപദ്വീപിനും ഇടയിലുള്ള തന്ത്രപ്രധാനമായ ഭാഗം പിന്നിട്ട് കപ്പല്‍ ശനിയാഴ്ച ഹോര്‍മുസ് കടലിടുക്ക് കടന്നു. ഇതിനു മുന്‍പും നിരവധി കപ്പലുകള്‍ യുദ്ധാരംഭത്തിനു ശേഷം ഹോര്‍മൂസ് കടന്നിട്ടുണ്ടെങ്കിലും യുഎസ്, ഇറാനെതിരെ നാവിക ഉപരോധം കടുപ്പിച്ചതിന് ശേഷം കടലിടുക്ക് താണ്ടുന്ന കപ്പലെന്നതാണ് സര്‍വ്വ് ശക്തിയെ വ്യത്യസ്തമാക്കുന്നത്. ഏപ്രില്‍ 13-ന് അമേരിക്കന്‍ ഉപരോധം ആരംഭിച്ച ശേഷം കടലിടുക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കപ്പലാണ് ഇത്. യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്.

നിലവിലെ സാഹചര്യത്തില്‍ ഒട്ടുമിക്ക കപ്പലുകളും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സഞ്ചാരം ഒഴിവാക്കുന്ന സമയത്താണ് സര്‍വ്വ് ശക്തി കടലിടുക്ക് കടന്നത്. തുടര്‍ച്ചയായ ഉപരോധങ്ങളും മറ്റ് അനിശ്ചിതത്വങ്ങളും ഹോര്‍മുസിലൂടെയുള്ള ഗതാഗതത്തെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. സൈനിക ഭീഷണികളടക്കം ഉയര്‍ന്നതോടെ പല കപ്പലുകളും യാത്രയില്‍നിന്ന് പിന്തിരിയുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരും രണ്ടാമത്തെ വലിയ എല്‍പിജി ഉപഭോക്താക്കളും എന്ന നിലയില്‍ ഇറാന്‍ യുദ്ധം ഇന്ത്യയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇത് മറികടക്കാനും എല്‍പിജി കപ്പലുകള്‍ തടസ്സമില്ലാതെ എത്തുന്നുവെന്ന് ഉറപ്പാക്കാനും ഇന്ത്യ ശക്തമായ നടപടികള്‍ സ്വീകരിച്ചു വന്നിരുന്നു. കടലിടുക്കില്‍ പ്രവേശിച്ച ഇന്ത്യന്‍ കപ്പലിന് നേരെ വെടിയുതിര്‍ക്കുന്ന സാഹചര്യം വരെയുണ്ടായി. ഈ ഘട്ടത്തിലും ഇന്ത്യയുമായി ബന്ധമുള്ള ‘ദേശ് ഗരിമ’ എന്ന ക്രൂഡ് ഓയില്‍ ടാങ്കറിന് ട്രാന്‍സ്‌പോണ്ടര്‍ ഓഫാക്കി രഹസ്യമായി കടന്നുപോകാന്‍ കഴിഞ്ഞിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here