

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ ഒളിപ്പിച്ചു വച്ച ഐഇഡി പൊട്ടിത്തെറിച്ച് നാലു ജവാന്‍മാര്‍ക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് അപകടം. നാല് ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ശനിയാഴ്ച നടന്ന മൈന്‍ നീക്കം ചെയ്യല്‍ നടപടിക്കിടെയായിരുന്നു അപകടം.
ഇന്‍സ്‌പെക്ടര്‍ സുഖ്റാം വട്ടി, കോണ്‍സ്റ്റബിളുമാരായ കൃഷ്ണ കൊമ്ര, സഞ്ജയ് ഗഡ്പാലെ, പര്‍മാനന്ദ് കൊറം എന്നിവരാണ് വീരമൃത്യു വരിച്ചത്. ഗുരുതരമായി പരുക്കേറ്റ സുഖ്റാം വട്ടി, കൃഷ്ണ കൊമ്ര, സഞ്ജയ് ഗഡ്പാലെ എന്നീ മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പര്‍മാനന്ദ് കൊറമിനെ റായ്പൂരിലേക്ക് ഹെലികോപ്റ്റര്‍ വഴി കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരണത്തിനു കീഴടങ്ങി.
സംസ്ഥാനത്തെ സായുധ മാവോയിസ്റ്റ് വിമുക്തമായി പ്രഖ്യാപിച്ച മാര്‍ച്ച് 31ന് ശേഷം മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യ സ്‌ഫോടനമാണിത്. നാരായണ്‍പുര്‍ ജില്ലയോട് ചേര്‍ന്നുള്ള ചോട്ടെബെത്തിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനമേഖലയിലാണ് സംഭവം. മാവോയിസ്റ്റുകള്‍ നേരത്തെ സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്നതിനായി എത്തിയതായിരുന്നു ഡിആര്‍ജി സംഘം.
സ്‌ഫോടനത്തില്‍ പരുക്കേറ്റ നാല് ജവാന്മാരും പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നുവെന്ന് ബസ്തര്‍ ഐജി പി. സുന്ദര്‍രാജ് സ്ഥിരീകരിച്ചു. സംസ്ഥാന പൊലീസിന്റെ പ്രത്യേക വിഭാഗമാണ് ഡിആര്‍ജി. ഈ പ്രദേശത്ത് കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധിക്കാനുള്ള നടപടികള്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.










