തച്ചുതകര്‍ത്ത് കൊല്‍ക്കത്ത; ഹൈദരാബാദിനെതിരെ അനായാസജയം; വിജയം ഏഴു വിക്കറ്റിന്

0
27

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തെറിഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഏഴു വിക്കറ്റിനാണ് കൊല്‍ക്കത്ത ഹൈദരാബാദിനെ തോല്‍പിച്ചത്. 166 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. അര്‍ധസെഞ്ചുറി തികച്ച ആംഗ്രിഷ് രഘുവംശിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഹൈദരാബാദിനായി ട്രാവിസ് ഹെഡ് അര്‍ധ സെഞ്ച്വറി തികച്ച് ടോപ് സ്‌കോററായി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ്, ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് 19 ഓവറില്‍ 165 റണ്‍സിന് എല്ലാവരും പുറത്താകുന്ന രീതിയില്‍ തകര്‍ന്നടിഞ്ഞത്. ഹൈദരാബാദിന്റേത് വെടിക്കെട്ട് തുടക്കമായിരുന്നു. ട്രാവിസ് ഹെഡ് കത്തിക്കയറിയതോടെ ടീം മൂന്നോവറില്‍ 37 റണ്‍സിലെത്തി. 15 റണ്‍സെടുത്ത് അഭിഷേക് ശര്‍മ പുറത്തായെങ്കിലും ഹെഡ് പിടിച്ചു നിന്നു. 22 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച ഹെഡിന്റെ കരുത്തില്‍ ഹൈദരാബാദ് ഒന്നിന് 84 എന്ന നിലയിലെത്തി. ഒന്‍പതാം ഓവറില്‍ ടീം നൂറുകടന്നെങ്കിലും തുടരെ വിക്കറ്റുകള്‍ വീഴ്ത്തി കൊല്‍ക്കത്ത തിരിച്ചടിച്ചു. വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്നും ചേര്‍ന്ന് ഹൈദരാബാദിനെ പിടിച്ചുകെട്ടി. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റും കാര്‍ത്തിക് ത്യാഗി, സുനില്‍ നരെയ്ന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ഫിന്‍ അലന്റെ വെടിക്കെട്ടോടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു. നാലാം ഓവറിലെ അവസാനപന്തില്‍ അലന്‍ 13 പന്തില്‍ 29 റണ്‍സെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച അജിങ്ക്യ രഹാനെയും ആംഗ്രിഷ് രഘുവംശിയും ഹൈദരാബാദ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ബാറ്റേന്തിയതോടെ കൊല്‍ക്കത്ത അതിവേഗം ലക്ഷ്യത്തോടടുത്തു. ഹൈദരാബാദ് ബൗളര്‍മാര്‍ മാറി മാറിയെഞ്ഞെങ്കിലും ശ്രദ്ധയോടെ ബാറ്റേന്തിയ രഹാനെയും രഘുവംശിയും പത്തോവറില്‍ ടീമിനെ 105 റണ്‍സിലെത്തിച്ചു.

പതിയെ സ്‌കോറുയര്‍ത്തിയ ഇരുവരും ഹൈദരാബാദിന്റെ സാധ്യതകള്‍ ഇല്ലാതാക്കികൊണ്ടിരുന്നു. 14-ാം ഓവറില്‍ രഘുവംശി അര്‍ധസെഞ്ചുറിയും തികച്ചു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ രഹാനെയെ സാക്കിബ് ഹുസൈന്‍ പുറത്താക്കി. 36 പന്തില്‍ 43 റണ്‍സെടുത്താണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ മടങ്ങിയത്. പിന്നീട് റിങ്കു സിങ്ങും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് ടീമിനെ ജയത്തിലെത്തിച്ചു. റിങ്കു സിങ് 11 പന്തില്‍ നിന്ന് 22 റണ്‍സെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here