
തിരുവനന്തപുരം: വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ വില ഒറ്റയടിക്ക് കൂട്ടിയതിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാചകവാതകത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവർധന ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറിന്റെ വില വർധിച്ച് 3000 രൂപയിലെത്തിയിരുന്നു. മാസങ്ങളായി പാചകവാതക ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായ മേഖലയ്ക്ക് അന്യായമായ ഈ വിലവർദ്ധന താങ്ങാനാവില്ലെന്ന് അദ്ദേഹം ആരോപിച്ചു.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് രാജ്യത്തെ സാധാരണക്കാരെയും ചെറുകിട സംരംഭകരെയും കുടിയേറ്റത്തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടുള്ള ഈ വർധനവ്. എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ്
രാജ്യത്തെ സാധാരണക്കാരെയും ചെറുകിട സംരംഭകരെയും കുടിയേറ്റത്തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടുള്ള ഈ വർദ്ധനവ്.
പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം മാസങ്ങളായി പാചകവാതക ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായ മേഖലയ്ക്ക് അന്യായമായ ഈ വിലവർദ്ധന താങ്ങാനാവില്ല. അതിന്റെ ഭാരം ആത്യന്തികമായി സാധാരണ ജനങ്ങളുടെ തലയിലാണ് വന്നു വീഴുക. കേരളത്തിലുൾപ്പെടെ പല ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടി വരുന്ന അവസ്ഥയിലുമാണ്.
എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല. കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്ര നയം തിരുത്തപ്പെടണം. അമിതമായി വർദ്ധിപ്പിച്ച ഈ തുക ഉടൻ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു.







