
ഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാതിക്രമ കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാൾ താൻ തന്നെയാണെന്നാണ് വിനേഷ് ഫോഗട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.
മത്സര രംഗത്തേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായുള്ള നിര്‍ണായക മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. മേയ് 10 മുതൽ 12 വരെ ഉത്തർപ്രദേശിലെ ഗോണ്ടയിൽ നടക്കുന്ന നാഷണൽ ഓപ്പൺ റാങ്കിങ് ടൂർണമെന്‍റിലൂടെയാണ് വിനേഷ് ഫോഗട്ട് കരിയറിലേക്ക് മടങ്ങിയെത്തുന്നത്. ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയായിരുന്നു വിനേഷ് പ്രതികരണം നടത്തിയത്.
സുപ്രീംകോടതിയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇരകൾ ഇതുവരെ പേര് വെളിപ്പെടുത്തിയിരുന്നില്ലെന്നും, എന്നാൽ നിലവിലെ സാഹചര്യങ്ങൾ തന്നെ ഇതിന് നിർബന്ധിതയാക്കുകയാണെന്നും വിനേഷ് ഫോഗട്ട് പറയുന്നു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ വെളിപ്പെടുത്തലുകൾക്ക് താൽപ്പര്യമില്ലായിരുന്നുവെന്ന് വിനേഷ് വീഡിയോയിൽ വ്യക്തമാക്കുന്നു. പരാതി നൽകിയ ആറ് പേരിൽ ഒരാൾ ഞാൻ തന്നെയാണ്. ഞങ്ങളുടെ മൊഴിയെടുപ്പ് ഇപ്പോഴും തുടരുകയാണ്,” വിനേഷ് പറഞ്ഞു.







