
കൊച്ചി: സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടുന്നു. വാണിജ്യ എല്‍പിജി സിലിണ്ടറിന് കുത്തനെ വിലകൂട്ടിയതില്‍ പ്രതിഷേധമായിട്ടാണ് പണിമുടക്ക്. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവയ്‌ക്കും.
ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസ്സിയേഷന്റെ നേതൃത്വത്തിൽ 24 മണിക്കൂറാണ് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്‌സ് ഫെഡറേഷന്‍ തുടങ്ങിയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനമുണ്ട്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിലാണ് പ്രതിഷേധം. വിലകൂട്ടിയത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹോട്ടല്‍ വ്യവസായം തകരുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.







