
ചണ്ഡീഗഢ്: പഞ്ചാബിൽ ഭീതി പരത്തി മണിക്കൂറുകൾക്കിടയിൽ രണ്ട് പ്രധാന നഗരങ്ങളിൽ സ്ഫോടനം. അമൃത്സറിലും ജലന്ധറിലുമാണ് സ്‌ഫോടനം നടന്നത്. ജലന്ധറില്‍ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂട്ടര്‍ ഉടമയായ ഇരുപത്തിരണ്ടുകാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ സാധനം ഡെലിവറി ചെയ്യാനായി എത്തിയതായിരുന്നു ഇവിടെ. വാഹനം നിർത്തി ഇറങ്ങിയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. കൊറിയർ കമ്പനിയിൽ ജോലി ചെയ്യുന്ന ഗുർപ്രീത് സിങ്ങിനു പരുക്കേറ്റിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് ഇവിടെ സ്ഫോടനം ഉണ്ടായത്.
അമൃത്‌സറിലെ ഖാസ കന്റോൺമെന്റിന് സമീപമാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമി ഗ്രനേഡ് എറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. അമൃത്സറില്‍ നടന്ന സ്‌ഫോടനം ഗൗരവമേറിയതാണ് എന്ന് അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആളപായമില്ല. സംഭവത്തിന് പിന്നാലെ പഞ്ചാബ് പൊലീസും കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു







