

ബംഗളൂരു: ജോലി ആവശ്യാര്‍ത്ഥം ബംഗളൂരുവിലേക്ക് പോയ തൃശ്ശൂര്‍ സ്വദേശിനിയായ യുവതി ജോലിക്കായി പോയ വീട്ടിലെ ഉടമയുടെ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ് മരിച്ചു. തൃശ്ശൂര്‍ വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനിയായ 47കാരിയാണ് ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ അക്രമത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്. നായ്ക്കളെ പരിചരിക്കാന്‍ ബംഗളൂരുവിലേക്ക് ജോലിക്ക് പോയതായിരുന്നു യുവതി. മലയാളിയായ വീട്ടുടമ ദീപക് കൃഷ്ണയാണ് യുവതിയെ ഉപദ്രവിച്ചത്. ഇയാള്‍ക്കായി തൃശ്ശൂര്‍ വാടാനപ്പള്ളി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഈമാസം മൂന്നിനാണ് യുവതിക്കു നേരെ ആക്രമണമുണ്ടായത്. ജോലിക്കായി മറ്റ് രണ്ടുപേര്‍ക്കൊപ്പമാണ് യുവതി ബംഗളൂരുവിലേക്ക് പോയത്. ദീപക്കിന്റെ വീട്ടിലേക്ക് നായ്ക്കളെ നോക്കാന്‍ പോയപ്പോള്‍ ദീപക് യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നു. അക്രമം ചെറുത്ത യുവതിയുടെ തലയ്ക്കും കഴുത്തിനും ദീപക് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ യുവതിയുടെ തലച്ചോറിനുള്‍പ്പെടെ ക്ഷതം സംഭവിച്ചിട്ടുണ്ട്. താന്‍ യുവതിയെ ആക്രമിച്ചെന്ന് പറയുന്ന ദീപക് കൃഷ്ണയുടെ വീഡിയോ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ താന്‍ ആക്രമിച്ചെന്നും അവരെ ആംബുലന്‍സില്‍ കൊണ്ടുപോയിട്ടുണ്ട് എന്നുമെല്ലാം ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.
യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ വിവരം പോലീസില്‍ അറിയിച്ചതോടെ വാടാനപ്പള്ളി പോലീസ് ഇടപെട്ടാണ് യുവതിയെ ബംഗളൂരുവില്‍ നിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ മരണം സംഭവിച്ചു. യുവതിയുടെ ഭര്‍ത്താവ് ദീപക്കിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. സംഭവം നടന്നത് ബെംഗളൂരുവില്‍ ആയതിനാല്‍ അവിടേക്ക് കേസ് കൈമാറുമെന്ന് പോലീസ് അറിയിച്ചു.









