തമിഴ് മണ്ണില്‍ ട്വിസ്‌റ്റോട് ട്വിസ്റ്റ്; വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല; രണ്ട് അംഗങ്ങളുടെ കുറവ്; സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം

0
31

ചെന്നൈ: തമിഴകത്ത് രാഷ്ട്രീയ ട്വിസ്റ്റുകള്‍ മാറിമറിയുന്നു. ഫലം വന്ന് ദിവസം നാലായിട്ടും സത്യപ്രതിജ്ഞയുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങിയിട്ടില്ല. 118 പേരുടെ പിന്തുണ ലഭിച്ചതായി വിജയ് അവകാശപ്പെട്ടെങ്കിലും കേവല ഭൂരിപക്ഷത്തിന് വിജയ്ക്ക് ഇപ്പോഴും രണ്ട് അംഗങ്ങളുടെ കുറവുണ്ടെന്നാണ് ഗവര്‍ണറുടെ ഓഫീസ് അറിയിക്കുന്നത്. നിലവില്‍ 116 പേരുടെ പിന്തുണ കത്ത് മാത്രമാണ് വിജയ് ഹാജരാക്കിയതെന്നാണ് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഇതോടെ വിജയ്‌യുടെ സത്യപ്രതിജ്ഞ വീണ്ടും അനിശ്ചിതത്വത്തിലായി. നേരത്തെ കോണ്‍ഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ, മുസ്ലിം ലീഗ്, എഎംഎംകെ പാര്‍ട്ടുകളുടെ പിന്തുണ ലഭിച്ചതായും ഭരണത്തിലെത്താന്‍ വേണ്ട കേവല ഭൂരിപക്ഷമായെന്നും ടിവികെ അവകാശപ്പൈട്ടിരുന്നു. ഇതോടെ വിജയ് ശനിയാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

എന്നാല്‍, ഗവര്‍ണറുടെ അറിയിപ്പോടെ ഇത് വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. വിജയ്യെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിട്ടില്ലെന്നാണ് ഗവര്‍ണര്‍ ആര്‍.വി ആര്‍ലേക്കറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ആകെ 234 സീറ്റുകളുള്ള നിയമസഭയില്‍ ഭരിക്കാന്‍ 118 എംഎല്‍എമാരുടെ പിന്തുണ വേണമെന്നിരിക്കെ, വിജയ്ക്ക് നിലവില്‍ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. ഇതോടെ ഗവര്‍ണര്‍ വിജയ്യെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചിട്ടില്ലെന്നും ശനിയാഴ്ച നടക്കേണ്ടിയിരുന്ന ചടങ്ങുകള്‍ മാറ്റിവെച്ചതായും റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരുമായി സഖ്യ ചര്‍ച്ചകള്‍ നടന്നെങ്കിലും ഭൂരിപക്ഷം തികയ്ക്കാന്‍ ആവശ്യമായ പിന്തുണ കത്തുകള്‍ ഹാജരാക്കാന്‍ ടിവികെയ്ക്ക് സാധിച്ചിട്ടില്ല. പിന്തുണയ്ക്കുന്ന എല്ലാ എംഎല്‍എമാരുടെയും കത്തുകള്‍ ഹാജരാക്കണമെന്ന് ഗവര്‍ണര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിസികെ, മുസ്ലിം ലീഗ്, എഎംഎംകെ എന്നീ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാന്‍ വിജയ് ശ്രമിച്ചെങ്കിലും ആവശ്യമായ പിന്തുണ കത്തുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. അതിനിടെ മുസ്ലിം ലീഗും എഎംഎംകെയും വിജയ്യുടെ സഖ്യത്തില്‍ ചേരാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here