
ഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പുതിയ തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് നീക്കം.
അകമ്പടി വാഹനങ്ങളുടെ എണ്ണം 50% ആയി വെട്ടി കുറയ്ക്കാൻ ആണ് നരേന്ദ്ര മോദി നിർദേശം നൽകിയത്. സുരക്ഷാ വ്യൂഹത്തിൽ പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചെലവുചുരുക്കല്‍ നടപടികള്‍ തുടങ്ങി. ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ യോഗി ആദിത്യനാഥും ഉത്തരവിട്ടു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് കോണ്‍വോയ് വാഹനങ്ങള്‍ കുറച്ചു. 13 ല്‍ നിന്ന് എട്ട് ആക്കിയാണ് കുറച്ചത്.
പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾക്ക് പിന്നാലെ ഡൽഹി സർക്കാരും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. മന്ത്രിമാർ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തണം എന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. ഇതിനിടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ഇന്ത്യ ഉയര്‍ത്തി.







