
കൊച്ചി: ചികിത്സാ വേളയിൽ അമ്മയെയും നവജാതശിശുവിനെയും വേർപെടുത്തുന്ന രീതിക്ക് വിരാമമിട്ടുകൊണ്ട് കാക്കനാട് ബർത്ത് വില്ലേജിൽ ആരംഭിച്ച മാതൃ-നവജാതശിശു പരിചരണ വിഭാഗം അന്ന ലിൻഡ ഈഡൻ ഉദ്‌ഘാടനം ചെയ്തു. ജില്ലയിലെ ആദ്യത്തെ മാതൃ-നവജാതശിശു പരിചരണ വിഭാഗമാണിത്. അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയും കുടുംബ കേന്ദ്രീകൃതമായ പരിചരണവും സമന്വയിപ്പിക്കുന്ന ഈ യൂണിറ്റിൽ, ചികിത്സാ വേളയിലുടനീളം അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ച് കഴിയാൻ സാധിക്കും. ആധുനിക കാലത്ത് സിസേറിയൻ സ്വാഭാവികമാണെങ്കിലും ഭാവിയിൽ ഇതിന് മാറ്റം വരുമെന്നും അന്ന ലിൻഡ പറഞ്ഞു.
സാധാരണയായി നവജാതശിശുക്കൾക്ക് പ്രത്യേക പരിചരണം ആവശ്യമായി വരുമ്പോൾ എൻ.ഐ.സി.യു സൗകര്യത്തിനായി അമ്മമാരിൽ നിന്ന് അവരെ മാറ്റിനിർത്തുകയാണ് പതിവ്. നേരെമറിച്ച്, ബർത്ത്‌വില്ലേജിന്റെ എംഎൻസിയു, ലോകാരോഗ്യ സംഘടനയുടെ ‘ഇമ്മീഡിയറ്റ് കെ എം സി’ പഠനത്തിലെ കണ്ടെത്തലുകളോട് ചേർന്നുനിൽക്കുന്നതാണ്. ലെവൽ 2 ചികിത്സാരീതികൾക്കൊപ്പം തന്നെ, നവജാതശിശുക്കളുടെ ആരോഗ്യപുരോഗതിയിൽ അമ്മയുടെ സാന്നിധ്യവും നിരന്തരമായ ശാരീരിക സമ്പർക്കവും (skin-to-skin contact) അത്യന്താപേക്ഷിതമാണെന്ന് ഇത് അടിവരയിടുന്നു.
കുഞ്ഞിന് ചികിത്സ ആവശ്യമായി വരുമ്പോൾ മാത്രം അവരെ അമ്മയിൽ നിന്ന് വേർപെടുത്തുക എന്നത് പലപ്പോഴും അനിവാര്യമായി കരുതാറുണ്ടെന്ന് ബർത്ത്‌വില്ലേജ് സ്ഥാപകയും ഡയറക്ടറുമായ പ്രിയങ്ക ഇടിക്കുള ചൂണ്ടിക്കാട്ടി. എന്നാൽ അമ്മയുടെ സ്പർശനവും ശബ്ദവും മുലപ്പാലുമെല്ലാം വെറും വൈകാരിക പിന്തുണ മാത്രമല്ല, അത് കുഞ്ഞിനുള്ള ക്ലിനിക്കൽ ചികിത്സയുടെ ഭാഗം കൂടിയാണെന്ന് അവർ വ്യക്തമാക്കി.
കുഞ്ഞിനെ അമ്മയുടെ നെഞ്ചോട് ചേർത്തുനിർത്തുന്ന രീതി കുഞ്ഞിന്റെ ഹൃദയമിടിപ്പ്, ശരീരതാപനില, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ സാധാരണ നിലയിലാക്കാൻ അത്യാധുനിക ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുന്നതിനേക്കാൾ ഫലപ്രദമായി സഹായിക്കുമെന്ന് ചീഫ് പീഡിയാട്രീഷ്യൻ ഡോ. ഐജോ ജോയ് പറഞ്ഞു. മെഡിക്കൽ ചികിത്സയ്ക്കൊപ്പം തന്നെ അമ്മയുടെ സാമീപ്യം ഉറപ്പാക്കുന്നത് കുഞ്ഞുങ്ങൾ വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുന്നു.
നിരന്തരമായ ബെഡ്‌സൈഡ് മോണിറ്ററിംഗ് സംവിധാനം, 24 മണിക്കൂറും ലഭ്യമായ വിദഗ്ധ ഡോക്ടർമാരുടെ സേവനം, മുലയൂട്ടലിന് പ്രത്യേക സഹായം എന്നിവ ഈ യൂണിറ്റിന്റെ സവിശേഷതകളാണ്. നിർബന്ധിത വേർപിരിയൽ ഒഴിവാക്കുന്നതിലൂടെ പ്രസവാനന്തര ഉത്കണ്ഠ കുറയ്ക്കാനും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
ആസ്റ്റർ ഹോസ്പിറ്റലിലെ നിയോനറ്റോളജി വിഭാഗം മേധാവി ഡോ. ജോർജ്ജ് ജോസ്, 2013 ഫ്ലോറെൻസ് നൈറ്റിംഗേൽ അവാർഡ് ജേതാവായ പി.കെ. ഇന്ദിര, ബർത്ത്‌വില്ലേജ് മെഡിക്കൽ ഡയറക്ടർ ഡോ. ഐജോ ജോയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.







