
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അവസാനമല്ലെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പത്ത് വര്‍ഷംകൊണ്ട് കേരളത്തെ വലിയതോതില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചു. കൂടുതൽ ജനപിന്തുണയോടെ തിരിച്ചുവരുമെന്നും പിണറായി വിജയൻ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നത്. അത് നല്ല നിലയിൽ നടപ്പിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. മാലിന്യ പ്രശ്‌നം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറി.
ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ജനവിധി ഞങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു. ഇതിനും തുടർച്ച വേണം. ഞങ്ങൾക്ക് മാത്രമേ ഇത് ചെയ്യാനാവൂ എന്ന് പറയുന്നില്ല. പുതിയ സർക്കാറിൻ്റെ ജനക്ഷേമ പരിപാടികൾക്ക് എല്ലാ പിന്തുണയും നൽകും.
ഈ പരാജയം സിപിഐഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ല. ഇതുപോലുള്ള അനേകം ഘട്ടങ്ങള്‍ തരണം ചെയ്തിട്ടുണ്ട്. കൂടുതല്‍ ജനപിന്തുണയോടെ കൂടുതല്‍ കരുത്തോടെ സിപിഐഎമ്മും എല്‍ഡിഎഫും തിരിച്ചുവരുമെന്നും പിണറായി വിജയന്‍ പറഞ്ഞു.







