
കോഴിക്കോട്: പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കാറിൽ നിന്നും പെട്രോളിയം ഉത്പന്നത്തിന്റെ സാന്നിധ്യം കണ്ടെത്തി. തീപിടിത്തം ആസൂത്രിതമെന്നാണ് പൊലീസിൻറെ കണ്ടെത്തൽ.
സോനയാണ് പെട്രോള്‍ വാങ്ങിയതെന്നാണ് സംശയം. മരിച്ച സോനയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്. അപകടത്തിന് മുൻപ് ഒരു സ്ത്രീ പെട്രോൾ വാങ്ങിയതിന്റെ തെളിവ് കിട്ടിയെന്ന് പൊലീസ് പറയുന്നു. ഇതാരാണെന്ന് സ്ഥിരീകരിക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ്.
വാഹനത്തിൻ്റ തകരാർ അല്ല തീപിടിത്തത്തിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. തീ പടർന്നത് എൻജിനിൽ നിന്നല്ല എന്നും മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ ബോധ്യമായി. മാത്രമല്ല കാറിന്റെ പിന്‍സീറ്റും മുന്‍ഭാഗവും പൂര്‍ണമായും കത്തിയിരുന്നു. എന്നാല്‍ ബോണറ്റില്‍ തീപടര്‍ന്നിട്ടില്ല. കാറിൽ പെട്രോളുമായി പോകുമ്പോഴായിരുന്നു തീപിടിത്തമെന്നാണ് ലഭിക്കുന്ന സൂചന.
പാലേരി കല്ലിക്കണ്ടിയില്‍ 27കാരിയായ സോനയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. കാറിന് തീപിടിച്ചതോടെ റിജിൻ പുറത്തിറങ്ങിയെങ്കിലും സോന പിൻസീറ്റിൽ കുടുങ്ങുകയായിരുന്നു. കാറിന്റെ തീ പൂർണമായി അണച്ചപ്പോഴാണ് ഭാര്യ പിൻസീറ്റിലുണ്ടെന്ന വിവരം റിജിൻ നാട്ടുകാരോട് പറയുന്നത്. സോന കാറിന്റെ പിൻ സീറ്റിലായിരുന്നു ഇരുന്നത്. കാറോടിച്ചിരുന്ന സോനയുടെ ഭർത്താവ് റിജിൻലാലിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.







