‘എന്തുകൊണ്ട് നമ്മള്‍ തോറ്റു.?’ തോല്‍വിയുടെ കാരണം കണ്ടെത്താന്‍ ചോദ്യാവലിയുമായി സിപിഐഎം

0
20

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ അതിഭീകര തോല്‍വിക്കു പിന്നാലെ തോല്‍വിയുടെ കാരണം കണ്ടെത്താന്‍ ഭീമന്‍ ചോദ്യാവലിയുമായി സിപിഐഎം. 34 ചോദ്യങ്ങളുള്‍പെടുന്ന ചോദ്യാവലി തയ്യാറാക്കിയാണ് ലോക്കല്‍ കമ്മിറ്റികള്‍ക്കു നല്‍കിയിരിക്കുന്നത്. ഓരോ ലോക്കല്‍ കമ്മിറ്റിയും റിപ്പോര്‍ട്ട് തയ്യാറാക്കി ചര്‍ച്ച ചെയ്ത് ഉടന്‍ തന്നെ ഏരിയാ സെന്ററുകളില്‍ എത്തിക്കാനാണ് നിര്‍ദേശം. പരാജയ കാരണം അണികളില്‍ നിന്ന് കണ്ടെത്താനുളള ശ്രമത്തിന്റെ ഭാഗമായാണ് വിവിധ ഘടകങ്ങളില്‍ നിന്ന് അഭിപ്രായം സ്വരൂപിക്കുന്നതിനായി ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. ചോദ്യാവലിയില്‍ പക്ഷെ നേതൃത്വത്തിനുണ്ടായ വീഴ്ചയെക്കുറിച്ചോ ഭരണതലത്തിലുണ്ടായ വീഴ്ചകളെക്കുറിച്ചോ ചോദ്യങ്ങളില്ല എന്നതും ശ്രദ്ധേയമാണ്.

2021 മുതല്‍ നടന്ന നിയമസഭാ, ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഓരോ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലും ലഭിച്ച വോട്ടുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ വീടുകളിലും കയറണം എന്ന തീരുമാനം നടപ്പിലാക്കിയോ? എങ്കില്‍ ആകെ വീടുകള്‍, കയറിയ വീടുകളുടെ എണ്ണം, സ്‌ക്വാഡുകളുടെ എണ്ണം എന്നിവ വ്യക്തമാക്കാനും ആകെ പാര്‍ട്ടി അംഗങ്ങള്‍, എല്ലാ പാര്‍ട്ടി അംഗങ്ങളും തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിരുന്നോ, പ്രവര്‍ത്തിക്കാത്തവരുണ്ടോ, സ്ത്രീകള്‍ ഉള്‍പ്പെടെ നാല് വീതം മുഴുവന്‍ സ്‌ക്വാഡ് പ്രവര്‍ത്തകര്‍ എല്ലാ ബൂത്തുകളിലും ഉണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങളും ചോദ്യാവലിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ബിജെപിയുടെ സ്വാധീനവും വളര്‍ച്ചയും സംബന്ധിച്ചും ചോദ്യമുണ്ട്. ബിജെപിക്ക് വോട്ട് കുറഞ്ഞിട്ടുണ്ടോ, വര്‍ധിച്ചോ, യുഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ, ദേശാഭിമാനി പത്രത്തിന്റെ പ്രചാരണം, സാംസ്‌കാരിക മേഖലയില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായുളള ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ, പുതിയ തലമുറ തെരഞ്ഞെടുപ്പിനോട് കാണിച്ച സമീപനം എന്താണ്, പരാജയത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്, അവ എങ്ങനെയാണ് ഏരിയാ കമ്മിറ്റിയുടെ കീഴില്‍ പ്രതിഫലിച്ചത്, വോട്ടര്‍ പട്ടികയില്‍ വോട്ടുകള്‍ ചേര്‍ക്കാന്‍ ബാക്കിയുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ചോദ്യാവലിയില്‍ ഉള്‍പ്പെടുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here