നവകേരളയാത്രയിലെ ‘രക്ഷാപ്രവര്‍ത്തനം’; മൂന്നുപേര്‍ കൂടി പ്രതികള്‍; അകമ്പടിസേനയിലെ മൂന്നുപേര്‍ പ്രതികളാകും

0
127

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരളയാത്രയ്ക്കിടെ കരിങ്കൊടി കാണിച്ച കെഎസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സുരക്ഷാസംഘം തല്ലിച്ചതച്ച കേസില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. അന്ന് പിണറായിയുടെ അകമ്പടി സേനയിലുണ്ടായിരുന്ന ഷൈജു, അരുണ്‍, വിപിന്‍ എന്നിവരെക്കൂടി കേസില്‍ പ്രതികളാക്കി. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ജീവനക്കാരന്‍ എസ്.സന്ദീപ് എന്നിവര്‍ മാത്രമായിരുന്നു ഇതുവരെ പ്രതികള്‍. ഇവര്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതോടെ ഇത് 26നു കോടതി പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പരാതിക്കാരായ എ.ഡി.തോമസ് എംഎല്‍എയുടെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസിന്റെയും മൊഴി എസ്‌ഐടി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

ആദ്യ അന്വേഷണത്തിന്റെ കേസ് ഡയറി തിരുത്തിയതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ അന്വേഷണം വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. അനില്‍ കുമാറിനും സന്ദീപിനും പുറമെ മര്‍ദനത്തില്‍ പങ്കെടുത്ത മൂന്നുപേരെക്കൂടി തോമസും അജയ്യും ദൃശ്യങ്ങളില്‍നിന്നു തിരിച്ചറിഞ്ഞു. ഇവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണു വിവരം. മൊഴിയെടുക്കല്‍ നാളെയും തുടരുമെന്നും എത്രയും വേഗം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനാണു ശ്രമിക്കുന്നതെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here