
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹർഷിനയ്ക്ക് ആശ്വാസം. കെ.കെ. ഹർഷിനയ്ക്ക് ജോലിയും നഷ്ടപരിഹാരവും ഉറപ്പു നൽകി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഹര്‍ഷിന നാളെ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരി.
ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച്, അർഹമായ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുമെന്ന് ഉറപ്പുനൽകി. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടുവെന്നും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചുവെന്നും ഹര്‍ഷിന പറഞ്ഞു. സമര സമിതി നേതാക്കൾക്കൊപ്പം ഹർഷിന ആരോഗ്യമന്ത്രിയെ സന്ദർശിച്ചിരുന്നു.
കോഴിക്കോട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയാണ് നിയമനം. നിയമന ഉത്തരവ് കൈമാറാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. നാളെ ജോലിയില്‍ പ്രവേശിക്കും. നിയമനം അതിവേഗത്തിലാണ് നടപ്പിലാക്കിയത്. ഹർഷിനയ്ക്ക് നഷ്ടപരിഹാരം നൽകുമെന്നും വീട് അറ്റകുറ്റപണി നടത്തുമെന്നും സർക്കാർ ഉറപ്പ് നൽകി.
2017ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹർഷിന ചികിത്സ പിഴവിന് ഇരയായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്ക് ശേഷം കുടുങ്ങിയ കത്രിക അഞ്ച് വർഷമാണ് ഹർഷിനയ്ക്ക് വയറ്റിൽ ചുമക്കേണ്ടിവന്നത്.







