
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്. വിജയം 77.97 ശതമാനം. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 72.49 ശതമാനമാണ് വിജയം.
1990 സ്കൂളുകളിൽ നിന്ന് റെഗുലർ വിഭാഗത്തിൽ 3,72,423 പേർ പരീക്ഷ എഴുതിയതിൽ 2,90,398 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പ്ലസ് ടു വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ വിജയശതമാനം 77.81 ആയിരുന്നു. വിജയശതമാനത്തിൽ മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ.
വിജയശതമാനം ഏറ്റവും കൂടിയ ജില്ല ഇടുക്കിയാണ്. ഏറ്റവും കുറഞ്ഞ ജില്ല കാസർഗോഡാണ്. അറുപതു പേരാണ് മുഴുവൻ മാർക്കും നേടി വിജയിച്ചിരിക്കുന്നത്. മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയത് 30,561 വിദ്യാർത്ഥികൾ. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി. പരീക്ഷയെഴുതിയ 86.89 ശതമാനം പെൺകുട്ടികളും വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 68.41ശതമാനമാണ്. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഫലവും പ്രഖ്യാപിച്ചു. 72.82 ശതമാനമാണ് വിജയം.







