തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാത; മൂന്നര മണിക്കൂറില്‍ കണ്ണൂരില്‍; ഇ.ശ്രീധരന്‍ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പിച്ചു.

0
15

തിരുവനന്തപുരം: തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാതയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഇ.ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി സതീശന് സമര്‍പിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് മൂന്നര മണിക്കൂറില്‍ കണ്ണൂരില്‍ എത്തുന്നതാണ് പുതിയ നിര്‍ദിഷ്ട അതിവേഗ റെയില്‍പാത. 473.3 കിലോമീറ്ററായിരിക്കും ദൂരം. തിരുവനന്തപുരത്തിനും കണ്ണൂരിനും ഇടയില്‍ 23 സ്റ്റേഷനുകളും ഉണ്ടാകും. കേരളത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളുമായും റെയില്‍പാതയെ ബന്ധിപ്പിക്കുകയും ചെയ്യും. തുരങ്കപാതയും ആകാശപ്പാതയുമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

തിരുവനന്തപുരത്ത് പൂജപ്പുരയില്‍ നിന്നുമാണ് ആരംഭം. കണ്ണൂര്‍ മുണ്ടയാട് വരെയായി 473.3 കിലോമീറ്റര്‍ ദൂരം. തിരുവനന്തപുരത്ത് ആറര കിലോമീറ്റര്‍ തുരങ്കപാതയും ബാക്കി പൂര്‍ണമായും ആകാശപാതയുമായിരിക്കും. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളെ ബന്ധിപ്പിക്കും. 10 കിലോമീറ്റര്‍ റോഡിലൂടെയാകും കണ്ണൂര്‍ വിമാനത്താവളത്തെ ബന്ധിപ്പിക്കുക. 21.5 കിലോമീറ്റര്‍ ഇടവിട്ടാണ് സ്റ്റേഷനുകള്‍ ഉദ്ദേശിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ട്രെയിനുകളുടെ സര്‍വീസ് വേഗത 140 കിലോമീറ്ററായിരിക്കും. ആദ്യഘട്ടത്തില്‍ 800 പേര്‍ക്കിരിക്കാവുന്ന 12 കോച്ചുകള്‍വരെയുള്ള ട്രെയിനുകളാകും സര്‍വീസിന് ഉപയോഗിക്കുക. പിന്നീട് 16 കോച്ചുകള്‍ വരെയാക്കാവുന്ന നിലയിലാണ് പ്ലാറ്റ്ഫോമുകള്‍ സജ്ജീകരിക്കുന്നത്.

സ്റ്റാന്‍ഡര്‍ഡ് ഗേജ് ആയതിനാല്‍ മുടക്കുമുതലും പരിപാലനച്ചെലവും കുറവായിരിക്കുമെന്നാണ് അവകാശവാദം. 60,000 കോടി രൂപയാണ് പദ്ധതിച്ചെലവു കണക്കാക്കുന്നത്. ഇതില്‍ 36,000 കോടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 51 ശതമാനം പങ്കാളിത്തവും ബാക്കി 24,000 കോടി (49 ശതമാനം) ക്രൗഡ് ഫണ്ടിങ്ങും വഴിയാണ് കണ്ടെത്തുക. കിലോമീറ്ററിന് ശരാശരി 127 കോടി രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കുന്നത്.

മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ട് കൂടിക്കാഴ്ച നടത്തിയ ഇ.ശ്രീധരന്‍ പദ്ധതി നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും രേഖാമൂലം സമര്‍പിക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കകം ചേരുന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നല്‍കിയേക്കുമെന്നു സൂചനയുണ്ട്. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാംഘട്ടത്തില്‍ കണ്ണൂരില്‍നിന്ന് കാസര്‍കോട് വരെ പാത നീട്ടാനും ആലോചനയുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here