തിരുവനന്തപുരം : എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബി ജെ പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ഇപി ജയരാജനുമായി പല ഘട്ടങ്ങളിൽ ചർച്ച നടന്നുവെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. കൂടാതെ ജൂൺ 4ന് ശേഷം കൂടുതൽ നേതാക്കൾ ബിജെപിയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശോഭാ സുരേന്ദ്രനാണ് ആദ്യം പേര് വെളിപ്പെടുത്താതെ ഇക്കാര്യങ്ങൾ പറഞ്ഞത്ത്. പിന്നീട് കൂടുതൽ പേർ തെളിവുകൾ നിരത്തി അത് ഇ പി ജയരാജൻ ആണെന്ന് പ്രസ്താവിച്ചു. ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയാണ് ചർച്ചകൾ നടന്നതെന്നും ഇരുമുന്നണിയിലെയും പല അസംതൃപ്തരുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മാത്രമല്ല പ്രതീക്ഷിക്കാത്ത പേരുകളും ബി ജെ പിയിൽ ചേരുന്നവരുടെ പട്ടികയിൽ ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതെ സമയം, ഈ വിവാദങ്ങളോട് ഇ പി ജയരാജൻ പ്രതികരിച്ചു. തനിക്കെതിരെ കെ സുധാകരനും ശോഭാ സുരേന്ദ്രനും ചേർന്ന് ആസൂത്രിത ഗൂഢാലോചനയാണ് നടത്തിയതെന്ന് ഇ പി ജയരാജൻ ആരോപിച്ചു. മാത്രമല്ല ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുധാകരന്റെ ബിജെപിയിലേക്കുള്ള പോക്കിനെ ലഘുകരിക്കാൻ നടത്തിയ നീക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രകാശ് ജാവദേക്കർ തന്നെ കാണാൻ വന്നിരുന്നുവെന്നും വീട്ടിൽ വന്നയാളോട് ഇറങ്ങിപ്പോകാൻ പറയാൻ കഴിയില്ലല്ലോ എന്നും ഇപി കൂട്ടിച്ചേർത്തു.