പോത്തൻകോട് : അശാന്തി പര്‍വ്വങ്ങള്‍ പലപ്പോഴും ഇരുണ്ടകാര്‍മേഘങ്ങള്‍ പോലെ നമ്മുടെയൊക്കെ മുകളിലേക്ക് എത്തുമ്പോൾ അതിനിടയിൽ ഒരു വെളളിവെളിച്ചം പോലെ ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ മാറുകയാണെന്ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. ഐക്യരാഷ്ട്രസഭ ദിനാചരണത്തിന്റെ ഭാഗമായി ആശ്രമം സംഘടിപ്പിച്ച ലോകസമാധാനസന്ദേശയാത്രയുടെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. ഒരുപാട് പ്രതിസന്ധികളിലൂടെ ലോകം കടന്നുപോയപ്പോഴൊക്കെ വളരെ കൃത്യമായി ഇടപെട്ടുകൊണ്ട് ശാശ്വതമായ പരിഹാരത്തിന്റെയും സമാധാനത്തിന്റെയും വഴികണ്ടെത്താന്‍ ഐക്യരാഷ്ട്രസഭയ്ക്കു കഴിഞ്ഞു എന്നകാര്യത്തില്‍ അഭിമാനിക്കാവുന്നതാണ്. ശ്രീകരുണാകരഗുരുവിന്റെ പാദസ്പര്‍ശമേറ്റ മണ്ണ് ഒരിക്കല്‍കൂടി വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് നിറയുകയാണ്.ഐക്യരാഷ്ട്രദിനത്തില്‍ യുവതലമുറയെക്കൂടി ചേര്‍ത്തുനിര്‍ത്തി സംഘടിപ്പിച്ച സൂപ്പര്‍ബൈക്കുകളുടെ റാലിയിലൂടെ ശാന്തിഗിരി വലിയൊരു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് അദ്ധേഹം പറഞ്ഞു.
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് മുന്നിൽ നിന്നും ആരംഭിച്ച യാത്രയുടെ ഫ്ളാഗ് ഓഫ് കടകംപളളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. 190 ഓളം രാജ്യങ്ങൾ സമാധാനത്തിനുവേണ്ടി പ്രമേയം പാസാക്കി യുദ്ധകൊതിയന്മാരുടെ മുന്നിൽ വച്ചിട്ടുപോലും സമാധാനത്തിനുവേണ്ടി ചിന്തിക്കാൻ ചില രാജ്യങ്ങൾക്ക് സാധിക്കുന്നില്ല അതിനെല്ലാം കാരണമായി നിൽക്കുന്നത് നിശ്ചയമായിട്ടും ലോകത്തെ അടക്കി ഭരിക്കാൻ ആഗ്രഹിക്കുന്ന സാമ്രാജ്യത്വ ശക്തികൾ തന്നെയാണ്. സാമ്രാജ്യത്വത്തിന്റെ മോഹമാണ് ലോകത്തിന്റെ പല ഭാഗത്തും യുദ്ധങ്ങൾക്ക് കാരണമാകുന്നതെന്ന് തിരിച്ചറിവ് ഇന്ന് ലോകജനതയ്ക്ക് ഉണ്ടായിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു.
ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മലങ്കര ഓര്‍ത്തഡോക്സ് സഭ, തിരുവനന്തപുരം ഭദ്രാസനം ബിഷപ്പ് ഹിസ് ഹൈനസ് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി, ഭാരതീയ ജനതാപാര്‍ട്ടി കേരള വൈസ് പ്രസിഡന്റ് അഡ്വ. സി.ശിവന്‍കുട്ടി, മുസ്ലീംലീഗ് തിരുവനന്തപുരം ജില്ല വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.തോന്നയ്ക്കല്‍ ജമാല്‍, തിരുവനന്തപുരം ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് പി.നിയാസ്, കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി.സുനില്‍കുമാര്‍, ബി.ജെ.പി. തിരുവനന്തപുരം ജില്ല ട്രഷറര്‍ എം.ബാലമുരളി, സാജന്‍ വേളൂര്‍, ശാന്തിഗിരി അഡ്വൈസറി കമ്മിറ്റി കമ്മ്യൂണിക്കേഷന്‍സ് വിഭാഗം അഡ്വൈര്‍ സബീര്‍ തിരുമല, ഡി.സി.സി. തിരുവനന്തപുരം ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍. നായര്‍, അനിൽ അടൂർ, ഫാ. എബ്രഹാം തോമസ്, സാജന്‍ വേളൂര്‍ തുടങ്ങിയവര്‍ ഫ്ലാഗ് ഓഫ് ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ചീറിപ്പായുന്ന സൂപ്പർബൈക്കുകളെയും മെയ്‌വഴക്കത്തോടെ ബൈക്കിൽ അഭ്യാസം നടത്തുന്നവരെയെല്ലാം സമൂഹം മറ്റൊരു കണ്ണിലൂടെ കാണുന്ന കാലഘട്ടത്തിൽ ശാന്തിഗിരി സംഘടിപ്പിച്ച സമാധാനസന്ദേശയാത്രയിൽ പങ്കാളികളാകാൻ കഴിഞ്ഞത് പുതിയൊരു മാറ്റത്തിൻ്റെ തുടക്കമാകുമെന്ന് ബൈക്ക് റാലിക്ക് നേതൃത്വം നൽകിയ വന്ദനൻ.എം, വിഘ്നേഷ്.വി എന്നിവർ പറഞ്ഞു. സമാപനചടങ്ങിൽ സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വി, മാണിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ആർ. സഹീറത്ത് ബീവി, ഗ്രാമപഞ്ചായത്തംഗം കോലിയക്കോട് മഹീന്ദ്രൻ, ഷോഫി.കെ, പൂലന്തറ കിരൺദാസ്, എ.എം. റാഫി, പ്രമോദ് എം.പി. എന്നിവർ സംബന്ധിച്ചു.