പട്ടാപ്പകല്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; നാലുപ്രതികള്‍ അറസ്റ്റില്‍; കൊലപാതകത്തിന് കാരണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പക

0
15

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാനേതാവിനെ പട്ടാപ്പകല്‍ പൊതുസ്ഥലത്ത് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേരെയും പ്രതികള്‍ക്ക് സഹായം നല്‍കിയ രണ്ടുപേരെയുമാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേര്‍ നിലവില്‍ ചവറ പൊലീസ് സ്റ്റേഷനിലുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച ഉച്ചയോടെയാണ് ഗുണ്ടാനേതാവായ അലുവ അതുലിനെ ഒരുസംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്.

ഗുണ്ടാപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലത്തെ മറ്റൊരു ഗുണ്ടാനേതാവായിരുന്ന ജിം സന്തോഷ് വധക്കേസില്‍ ഒന്നാം പ്രതിയാണ് അതുല്‍. 31 വയസ്സായിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം സ്റ്റേഷനില്‍ പോയി ഒപ്പിട്ടു മടങ്ങും വഴിയാണ് അതുല്‍ കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അതുല്‍ സഞ്ചരിച്ച കാറിനെ ഇടിച്ചു കുഴിയിലേക്ക് ഇട്ട ശേഷം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

2025 മാര്‍ച്ച് 27നാണ് പടനായര്‍കുളങ്ങര വടക്ക് കെട്ടിശ്ശേരില്‍ കിഴക്കതില്‍ വീട്ടില്‍ എ.സന്തോഷ് കുമാറെന്ന ജിം സന്തോഷ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ വടിവാളും കമ്പിപ്പാരയും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമികള്‍ സ്‌ഫോടക വസ്തുക്കള്‍ മുറിയില്‍ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് കൊലപ്പെടുത്തിയത്.

മാതാവിന്റെ മുന്നില്‍ വച്ചായിരുന്നു അക്രമങ്ങളെല്ലാം. ശരീരത്തിന്റെ പലഭാഗത്തും വെട്ടേറ്റ സന്തോഷ്‌കുമാര്‍ മരിച്ചെന്നു കരുതി സംഘം മടങ്ങി. ഇതിനു ശേഷം സന്തോഷ്‌കുമാര്‍ തന്നെയാണ് ആംബുലന്‍സ് വിളിച്ചത്. ആംബുലന്‍സ് എത്തി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here