
ടെഹ്‌റാന്‍: വെടിവച്ചിട്ട യു.എസ് യുദ്ധവിമാനമായ എഫ്-35ന്റെ പൈലറ്റുമാരെ പിടിച്ചുകെട്ടി കൊണ്ടുവരുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ഇറാനിയന്‍ സ്റ്റേറ്റ് ടിവി സ്‌ക്രോള്‍ രൂപത്തിലാണ് സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചത്. വിമാനത്തില്‍ രണ്ടു പൈലറ്റുമാരാണുണ്ടായിരുന്നത്. ഇവര്‍ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടിരുന്നു. ഇവരെ ഒരാളെയോ അല്ലെങ്കില്‍ രണ്ടുപേരെയുമോ പിടിച്ചു കൊണ്ടുവരുന്നവര്‍ക്കാണ് വന്‍ പാരിതോഷികം വാഗ്ദാനം ചെയ്തത്. അതേസമയം, തകര്‍ന്ന വിമാനത്തിലെ ഒരു വൈമാനികനെ പിന്നീട് യു.എസ് സേന ജീവനോടെ രക്ഷപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്തില്‍ രണ്ട് പൈലറ്റുമാര്‍ ഉണ്ടായിരുന്നതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ശേഷിക്കുന്ന ഒരു പൈലറ്റിനെ കണ്ടെത്താന്‍ അമേരിക്കയും ഇറാനും തിരച്ചില്‍ നടത്തുന്നുണ്ട്. യു.എസ് സൈന്യം വ്യോമമാര്‍ഗം സൈനികരെ ഇറക്കിയാണ് തിരച്ചില്‍ നടത്തുന്നത്. അതേസമയം, യുഎസ് സേനയും ഇറാനിയന്‍ കരസേനയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നതായും ഇറാന്‍ അവകാശപ്പെട്ടു. പൈലറ്റുമാരെ ഇറാന്‍ പിടികൂടുകയാണെങ്കില്‍ അത് യുദ്ധത്തില്‍ വഴിത്തിരിവാകും. സംഘര്‍ഷത്തിനിടയില്‍ ആദ്യമായാകും അമേരിക്കന്‍ സൈനികര്‍ ഇറാന്റെ പിടിയിലാകുന്നത്.
ഇറാന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് വിമാനം തകര്‍ന്നു വീണത്. വിമാനം തങ്ങള്‍ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവച്ചിട്ടതാണെന്നാണ് ഇറാന്റെ അവകാശവാദം. എന്നാല്‍, യു.എസ് സേന ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തുവെന്ന യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തകര്‍ക്കുന്നതാണ് ഇപ്പോഴത്തെ സംഭവം.
യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും ഇറാന്‍ അമേരിക്കന്‍ സൈന്യത്തിന് വലിയൊരു ഭീഷണിയായി തുടരുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. അമേരിക്കന്‍ വിമാനങ്ങളെ വെടിവച്ചിടാന്‍ ഇപ്പോഴും ശേഷിയുണ്ടെന്ന് ഇറാന്‍ തെളിയിക്കുന്നു.










