
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയ മാറ്റം. മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണ ലാലിന്റെ അവയവങ്ങള്‍ ദാനം ചെയ്യും. കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. 33കാരനായ കൃഷ്ണലാലിന് വാഹനാപകടത്തിലാണ് പരിക്കേറ്റത്.
ഇക്കഴിഞ്ഞ ഒന്നാം തിയതിയാണ് കൃഷ്ണലാലിന് അപകടമുണ്ടായത്. രാത്രി സാധനങ്ങള്‍ വാങ്ങാന്‍ സൈക്കിളില്‍ പോകവേ കാറിടിച്ചാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്കമരണം സംഭവിച്ചത്.
കൃഷ്ണ ലാലിന്റെ (33) ഹൃദയം കിംസില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കും. എയർ ആംബുലൻസ് ഹൃദയവുമായി കോട്ടയത്തേക്ക് ഒരു മണിയോടെ പുറപ്പെടും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. രണ്ടു വൃക്കകളും കരളും കണ്ണുമാണ് ദാനം ചെയ്യുന്നത്.
നേത്രപടലങ്ങള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് നല്‍കാനാണ് തീരുമാനം. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിലേക്കും മറ്റൊരു വൃക്കയും കരളും കിംസ് ആശുപത്രിയിലേക്ക് നല്‍കും.







