സഞ്ജു മാജിക് വെടിക്കെട്ട്; ഡല്‍ഹിയെ എട്ടു വിക്കറ്റിന് പിടിച്ചുകെട്ടി ചെന്നൈ; ടോപ് സ്‌കോററും സഞ്ജു

0
48

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വരിഞ്ഞുകെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. സഞ്ജു സാംസന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും നൂര്‍ അഹമ്മദിന്റെ ബോളിംഗിന്റെയും മികവിലാണ് ചെന്നൈ, ഡല്‍ഹിയെ തകര്‍ത്തത്. ഡല്‍ഹി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ സഞ്ജു സാംസണാണ് ടീമിന് വിജയമൊരുക്കിയത്. സഞ്ജു സാംസണ്‍ 52 പന്തില്‍ 87 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി.

ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണെടുത്തത്. മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയെങ്കിലും ട്രിസ്റ്റണ്‍ സ്റ്റബ്സ്, സമീര്‍ റിസ്വി എന്നിവരുടെ ഇന്നിങ്സുകളാണ് ടീമിനെ കരകയറ്റിയത്. ട്രിസ്റ്റണ്‍ സ്റ്റബ്സ് 31 പന്തില്‍ നിന്ന് 38 റണ്‍സെടുത്തു. റിസ്വി 24 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. റിസ്വി തന്നെയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ചെന്നൈക്കായി നൂര്‍ അഹമ്മദ് രണ്ടുവിക്കറ്റെടുത്ത് തിളങ്ങി.

ഡല്‍ഹി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ പതിയെ ആണ് തുടങ്ങിയത്. വെറും ആറുറണ്‍സെടുത്ത് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് പുറത്തായി. രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണും ഉര്‍വില്‍ പട്ടേലും ചേര്‍ന്നാണ് സ്‌കോറുയര്‍ത്തിയത്. പവര്‍പ്ലേയില്‍ ടീം 44-1 എന്ന നിലയിലായിരുന്നു. പട്ടേലും മടങ്ങിയതോടെ മൂന്നാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച സഞ്ജുവും കാര്‍ത്തിക് ശര്‍മയും ചേര്‍ന്ന് ടീമിനെ കരകയറ്റി. കാര്‍ത്തിക്കിനെ ഒരുവശത്തുനിര്‍ത്തി സഞ്ജു വെടിക്കെട്ടിന് തിരികൊളുത്തി. 12-ാം ഓവറില്‍ സഞ്ജു രണ്ട് സിക്സറും ഒരു ഫോറുമടക്കം നേടിയതോടെ ഓവറില്‍ 18 റണ്‍സാണ് പിറന്നത്.

സഞ്ജു സാംസണ്‍ 52 പന്തില്‍ 87 റണ്‍സെടുത്തും കാര്‍ത്തിക് ശര്‍മ 31 പന്തില്‍ നിന്ന് 41 റണ്‍സെടുത്തും പുറത്താവാതെ നിന്നു. മൂന്നാം വിക്കറ്റില്‍ 114 റണ്‍സ് കൂട്ടുകെട്ടാണ് സഞ്ജുവും കാര്‍ത്തിക്കും പടുത്തുയര്‍ത്തിയത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here