

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ വമ്പന്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചു. അഞ്ചു രൂപയ്ക്ക് മീന്‍ കൂട്ടിയുള്ള ഊണ് ലഭ്യമാക്കുമെന്നതാണ് ഇതിലെ സുപ്രധാന പ്രഖ്യാപനം. സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള 400 കാന്റീനുകള്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് ‘അന്നപൂര്‍ണ യോജന’ എന്ന പുതിയ സാമ്പത്തിക സഹായ പദ്ധതിക്കും സര്‍ക്കാര്‍ തുടക്കമിട്ടു. ഈ പദ്ധതി പ്രകാരം അര്‍ഹരായ സ്ത്രീകള്‍ക്ക് പ്രതിമാസം 3,000 രൂപ വീതം ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മെയ് 27 മുതല്‍ പദ്ധതിയുടെ അപേക്ഷാ ഫോമുകള്‍ വിതരണം ചെയ്തു തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും അന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിനായി മദ്യശാലകള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിമുതല്‍ സ്‌കൂളുകള്‍, കോളേജുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ അനുവദിക്കില്ലെന്നുംം അദ്ദേഹം വ്യക്തമാക്കി.
ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി എം.എല്‍.എമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ വിവിധ ജില്ലകളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുര, ഈസ്റ്റ്-വെസ്റ്റ് ബര്‍ധമാന്‍, നാദിയ, നോര്‍ത്ത് 24 പര്‍ഗാന തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം മേഖല യോഗങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.










