തിരുവനന്തപുരം: അരുവിക്കരയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയും പെട്രോളൊഴിച്ചു കത്തിച്ചും കൊലപ്പെടുത്തിയശേഷം മെഡിക്കല്‍ കോളേജ് ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ട് പതിറ്റാണ്ടോളം നീണ്ട ദാമ്പത്യജീവിതത്തിലെ പ്രധാനകാര്യങ്ങളും കടബാദ്ധ്യതകളും വിവരിക്കുന്ന നിരവധി പേജുകളുള്ള അലി അക്ബറിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
‘ഇന്ന് ഇവിടെ രണ്ട് കൊലപാതകങ്ങളും ഒരു ആത്മഹത്യയും നടക്കും. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഞാന്‍ നടത്തുന്ന കൃത്യങ്ങള്‍ക്ക് മറ്റാര്‍ക്കും ബന്ധമില്ല. കടബാദ്ധ്യതകളും ദാമ്പത്യപ്രശ്‌നവുമാണ് ഇതിന് കാരണം” എന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.
ഇന്നലെ പുലര്‍ച്ചെയാണ് അഴിക്കോട് വളവെട്ടി പുലിക്കുഴി ആര്‍ഷാസില്‍ ഷാഹിറ (65), മകള്‍ നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മുംതാസ് (47) എന്നിവരെ കൊലപ്പെടുത്തിയ ശേഷം മെഡിക്കല്‍ കോളേജിലെ സീനിയര്‍ സൂപ്രണ്ട് വൈ.അലി അക്ബര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. മുംതാസ് അലി അക്ബറിന്റെ ഭാര്യയും ഷാഹിറ ഭാര്യ മാതാവുമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള അലി അക്ബറിന്റെ നില ഗുരുതരമാണ്. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനും തയ്യാറെടുപ്പിനും ശേഷമാണ് അലി കൃത്യം നിര്‍വഹിച്ചതെന്നാണ് പൊലീസ് പറയുന്നത്. പെട്രോള്‍, വെട്ടുകത്തി, സ്‌ക്രൂഡ്രൈവര്‍, ചുറ്റിക എന്നിവ ഇതിനായി തരപ്പെടുത്തിയതും ദീര്‍ഘമായ ആത്മഹത്യാ കത്ത് തയ്യാറാക്കിയതുമെല്ലാം ഇതിന്റെ സൂചനകളായാണ് പൊലീസ് കരുതുന്നത്.
വെള്ളപേപ്പറുകളിലായി എഴുതി ആളുകള്‍ ശ്രദ്ധിക്കത്തക്ക വിധത്തിലാണ് വീട്ടിനുള്ളില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത് എന്ന് പോലീസ് പറഞ്ഞു. തനിക്ക് ജോലി ലഭിച്ചതും മുംതാസുമായുള്ള വിവാഹവും കുട്ടികളുടെ പഠനവുമുള്‍പ്പെടെ ഇരുവരുമൊന്നിച്ചുള്ള ജീവിതത്തിലെ പ്രധാന ഘട്ടങ്ങളെല്ലാം അലി അക്ബര്‍ കത്തില്‍ വിവരിച്ചിട്ടുണ്ട്. കണക്കുകൂട്ടലുകളിലുണ്ടായ പിഴവ് ജീവിതം തകര്‍ത്തതിന് സ്വയം ശപിക്കുന്നതും നാട്ടുകാരോടും മക്കളോടും ക്ഷമ ചോദിക്കുന്നതും കത്തിലുണ്ട്. എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയ മകന് ജോലി ലഭിക്കുമെന്നും മകളെ നന്നായി പഠിപ്പിക്കണമെന്നും ഇരുവരും നല്ലനിലയില്‍ ജീവിക്കണമെന്നും ഉപദേശിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്. മരണമൊഴിയിലും അലി അക്ബര്‍ കത്തിനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. ഭാര്യ മുംതാസുമായി കുടുംബകോടതിയില്‍ നിലനില്‍ക്കുന്ന കേസുമായി ബന്ധപ്പെട്ട ഗാര്‍ഹികാതിക്രമ കേസുകളിലെ ഉത്തരവുകളും ഇതോടൊപ്പം ചേര്‍ത്തിരുന്നു. ഇവയെല്ലാം സഹിതം 60 പേജോളം കത്തിലുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. കത്ത് പൊലീസ് കസ്റ്റഡിയിലായതിനാല്‍ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അലി അക്ബര്‍ ബന്ധുക്കള്‍ക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിലായതായി പൊലീസ് പറയുന്നു. സാലറി സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റും വായ്പയെടുക്കാന്‍ അലി അക്ബര്‍ ഈട് നല്‍കിയിരുന്നു. പലരും വായ്പകളുടെ തിരിച്ചടവില്‍ മുടക്കം വരുത്തിയതോടെ അലി അക്ബറിന്റെ ശമ്പളം പിടിക്കാന്‍ തുടങ്ങി. വസ്തുവാങ്ങി വീടുനിര്‍മ്മിച്ച വകയിലും കാര്‍ ലോണ്‍ എടുത്ത വകയിലും ഇയാള്‍ക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടായി. ഇതിനു പുറമെ ഓണ്‍ലൈന്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട് അലി അക്ബര്‍ ഭീമമായ സാമ്പത്തിക ബാദ്ധ്യതയുടെ നടുവിലായിരുന്നുവെന്നും പറയപ്പെടുന്നു.
ഇതിനിടെ അലി അക്ബറിന്റെ സാമ്പത്തിക ബാദ്ധ്യതകള്‍ ഭാര്യ മുംതാസ് ഏറ്റെടുക്കേണ്ടിവന്ന ഘട്ടത്തില്‍ പുലിക്കുഴിയില്‍ വാങ്ങിയ വസ്തുവും വീടും മുംതാസിന്റെ പേരിലേക്ക് മാറ്റി. സാമ്പത്തിക ബാദ്ധ്യതകള്‍ ക്രമാതീതമായതോടെ വസ്തുവും വീടും വില്‍ക്കാന്‍ അലി തീരുമാനിച്ചെങ്കിലും മുംതാസും ഭാര്യാമാതാവ് സാഹിറയും എതിരായി. സാമ്പത്തിക ബാദ്ധ്യതയില്‍ നട്ടംതിരിഞ്ഞ അലി അക്ബര്‍ പലരില്‍ നിന്നായി വന്‍തുകകള്‍ കടംവാങ്ങി. കടക്കാര്‍ക്ക് യഥാസമയം പണം തിരികെ നല്‍കാന്‍ കഴിയാത്തതും ഇയാളെ സമ്മര്‍ദ്ദത്തിലാക്കി. വീടും വസ്തുവും വിറ്റ് കടക്കെണിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിന് ഭാര്യയും ഭാര്യാമാതാവും എതിരുനിന്നതാണ് ഇരുവരെയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ അലിയെ നിര്‍ബന്ധിതനാക്കിയത് എന്നാണ് പോലീസ് നല്‍കുന്ന സൂചന.
10 വര്‍ഷമായി ഇവര്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ട്. എങ്കിലും ഒരു വീട്ടില്‍ തന്നെയായിരുന്നു താമസം. വീട് വിറ്റ് പണം നല്‍കണമെന്ന് അലി അക്ബര്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍, ഭാര്യയും ഭാര്യാമാതാവും അതിനു സമ്മതിക്കാത്തതിനാല്‍ വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറയുന്നു. വീടിന്റെ മുകള്‍ നിലയിലാണ് അലി അക്ബര്‍ താമസിച്ചിരുന്നത്. രാവിലെ നോമ്പ് ആരംഭിക്കുന്നതിനു മുന്‍പ് ആഹാരം പാകം ചെയ്യാന്‍ ഷാഹിറയും മുംതാസും അടുക്കളയില്‍ നില്‍ക്കുമ്പോള്‍ അലി അക്ബര്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. പിന്നീട് പെട്രോള്‍ ഒഴിച്ച് ഇരുവരെയും കത്തിച്ചു. കത്തിക്കുന്നതിനു മുന്‍പ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകളെ പുറത്താക്കി കതകടച്ചു.
ഇവരുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുമ്പോള്‍ അലി അക്ബര്‍ കസേരയില്‍ ഇരിക്കുകയായിരുന്നു. അയല്‍ക്കാരെ കണ്ടതോടെ ഓടി അകത്തെ മുറിയിലേക്കു പോയ അലി അക്ബര്‍, പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഷാഹിറയുടെ കത്തിക്കരിഞ്ഞ ശരീരം ഹാളിലും മുംതാസിന്റെ ശരീരം അടുക്കളയിലുമാണ് കിടന്നിരുന്നത്. ഷാഹിറ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മുംതാസിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണത്തിനു കീഴടങ്ങി. വിവരമറിഞ്ഞ് എറണാകുളത്ത് നിന്നെത്തിയ മകന്‍ അര്‍ഷന്റെ മൊഴി പ്രകാരമാണ് അരുവിക്കര പൊലീസ് കേസെടുത്തത്. വീട് പൊലീസ് സീല്‍ ചെയ്തതോടെ മക്കളായ അര്‍ഷനെയും അര്‍ഷിതയെയും ബന്ധുവീട്ടിലേക്ക് മാറ്റി.