spot_imgspot_img

അമ്പൂരി രാഖി കൊലക്കേസ്; മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി

Date:

spot_img

തിരുവനന്തപുരം: നാലുവര്‍ഷം മുന്‍പ് കേരളത്തെ നടുക്കിയ അമ്പൂരി രാഖി കൊലക്കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനില്‍ രാജപ്പന്‍ നായര്‍ മകന്‍ അഖില്‍ ആര്‍. നായര്‍(24), അഖിലിന്റെ സഹോദരന്‍ രാഹുല്‍ ആര്‍. നായര്‍(27), ഇവരുടെ സുഹൃത്ത് അമ്പൂരി തട്ടാന്‍മുക്ക് ആദര്‍ശ് ഭവനില്‍ സുരേന്ദ്രന്‍ നായര്‍ മകന്‍ ആദര്‍ശ് നായര്‍(23) എന്നിവരെയാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍ ജഡ്ജ് കെ.വിഷ്ണു കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരേ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു. പ്രതികളുടെ ശിക്ഷ ജൂണ്‍ ഒന്‍പതിന് വിധിക്കും.

2019 ജൂണ്‍ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതി അമ്പൂരി തട്ടാംമുക്ക് അശ്വതി ഭവനില്‍ സൈനികനായ അഖിലിന്റെ നിര്‍മാണത്തിലിരുന്ന വീടിന് മുന്നില്‍വെച്ചാണ് നെയ്യാറ്റിന്‍കര തിരുപുറം പുത്തന്‍ കടയില്‍ ചായത്തട്ട് നടത്തുന്ന രാജന്റെ മകള്‍ രാഖിമോളെ(30) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട രാഖിയും ഒന്നാം പ്രതി അഖിലും പ്രണയത്തിലായിരുന്നു. അതിനിടെ അഖിലിന് വേറെ കല്യാണം ഉറപ്പിച്ചു. ഇതോടെ രാഖി, അഖിലുമായി കല്യാണനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടില്‍പോയി തങ്ങള്‍ തമ്മിലുള്ള ബന്ധം അറിയിച്ചു. ഇതില്‍ പ്രകോപിതനായാണ് അഖിലും സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും ചേര്‍ന്ന് ഗൂഢാലോചന നടത്തി രാഖിയെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ കുറ്റപത്രം.

അഖില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണ് കളമശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന രാഖി മോളെ മിസ്ഡ് കോളിലൂടെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. രാഖിയുമായി അഖില്‍ പ്രണയത്തിലിരിക്കെ തന്നെ അന്തിയൂര്‍ക്കോണം സ്വദേശിയായ യുവതിയുമായി അഖില്‍ പ്രണയത്തിലായി. തുടര്‍ന്ന് രാഖിയെ ഒഴിവാക്കി അന്തിയൂര്‍കോണത്തുള്ള യുവതിയുമായി വിവാഹം നിശ്ചയം നടത്തി.

ഇതിന്റെ ഫോട്ടോകള്‍ ഫെയ്‌സ് ബുക്കില്‍ അപ് ലോഡ് ചെയ്തതോടെ രാഖി അഖിലിനെ ഭീഷണിപ്പെടുത്തി. അന്തിയൂര്‍ കോണത്തുള്ള യുവതിയുമായുള്ള വിവാഹം മുടക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ അഖിലും സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും ചേര്‍ന്ന് ഗൂഢാലോചന നടത്തി രാഖിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. കൊലപാതകം നടക്കുന്ന ജൂണ്‍ 21നു കൊച്ചിയിലെ ജോലി സ്ഥലത്തേക്കെന്നു പറഞ്ഞിറങ്ങിയ രാഖി, അഖില്‍ ആവശ്യപ്പെട്ടതു പ്രകാരം വൈകിട്ട് നെയ്യാറ്റിന്‍കരയിലെത്തി. അഖില്‍ പുതിയതായി നിര്‍മിക്കുന്ന വീടു കാണിക്കാനെന്ന പേരില്‍ രാഖിയെ വാഹനത്തില്‍ കയറ്റി നെയ്യാറ്റിന്‍കര ധനുവച്ചപുരം റോഡ് വഴി അമ്പൂരിയില്‍ എത്തിച്ചു.

വഴിയില്‍വച്ച് സഹോദരന്‍ രാഹുലും, സുഹൃത്ത് ആദര്‍ശും കാറില്‍ കയറി. പിന്നീട് രണ്ടാംപ്രതി രാഹുല്‍ ആര്‍ നായരാണ് വാഹനമോടിച്ചത്. അമ്പൂരിയില്‍ നിന്നും തട്ടാമൂക്ക് ഭാഗത്തേക്ക് കാര്‍ എത്തിയപ്പോള്‍ ആദര്‍ശും, അഖിലും പിന്‍ സീറ്റില്‍ ഇരുന്ന് സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു രാഖിയെ വാഹനത്തിനുള്ളില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. കരയുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ കാറിന്റെ ആക്‌സിലേറ്റര്‍ അമര്‍ത്തി ശബ്ദമുണ്ടാക്കി. കൊല്ലപ്പെട്ട രാഖിയെ മൂന്നു പേരും ചേര്‍ന്നു അഖിലിന്റെ തട്ടാമൂക്കിലെ പുതിയതായി പണിത വീടിന്റെ പരിസരത്തെത്തിച്ചു.

വീടിന്റെ പുറകില്‍ എടുത്ത കുഴിയില്‍ മൃതശരീരം നഗ്‌നയാക്കി ഉപ്പു പരലുകള്‍ വിതറി മണ്ണിട്ട്മൂടി, കമുക് തൈകള്‍ വെച്ച് പിടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അഖില്‍ ജോലിസ്ഥലമായ ലഡാക്കിലും ആദര്‍ശും രാഹുലും ഗുരുവായൂരിലേക്കും സ്ഥലം വിടുകയും ചെയ്തു. മകളെ കാണാനില്ലെന്ന് കാണിച്ച് രാഖിയുടെ പിതാവ് രാജന്‍ പുവ്വാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

രാഖിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അവസാനമായി യുവതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയത് അമ്പൂരിയിലായിരുന്നു. ആദര്‍ശിനെ ദിവസങ്ങളോളം പോലീസ് സംഘം രഹസ്യമായി നിരീക്ഷിച്ചു. ഒടുവില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് രാഖിയെ കൊലപ്പെടുത്തിയെന്നും മൃതദേഹം അഖിലിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നും വ്യക്തമായത്.. ‘എന്റെ അനുജന്റെ വിവാഹം മുടക്കിയ നീ ജീവിച്ചിരിക്കേണ്ടേടി’ എന്നുപറഞ്ഞ് രാഹുലാണ് രാഖിയുടെ കഴുത്തില്‍ ആദ്യം സീറ്റ് ബെല്‍റ്റ് മുറുക്കിയതെന്നാണ് പ്രതികളുടെ മൊഴി.

പ്രതികളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ രാഖിയുടെ മൃതശരീരം അഖിലിന്റെ വീട്ട് വളപ്പില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. കൊലപാതകം നടന്ന് ഒരുമാസത്തിന് ശേഷമാണ് രാഖിയുടെ മൃതദേഹം കണ്ടെടുത്തത്. കുഴിയില്‍ വന്‍തോതില്‍ ഉപ്പ് വിതറിയതിനാല്‍ മൃതദേഹം അഴുകിയനിലയിലായിരുന്നു. രാഖിയെ കൊന്ന് കുഴിച്ചിട്ടശേഷം ലഡാക്കിലെ ജോലിസ്ഥലത്തേക്കെന്ന് പറഞ്ഞ് നാട്ടില്‍നിന്ന് പോയ അഖില്‍ ഡല്‍ഹിയിലാണ് തങ്ങിയിരുന്നത്. കൊലപാതകം പുറത്തറിഞ്ഞതോടെ രഹസ്യമായി നാട്ടിലേക്ക് മടങ്ങിയ ഇയാളെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

94 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 92 തൊണ്ടിമുതലുകളും 178 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ആദര്‍ശിനെ ചികിത്സിച്ച ഡോക്ടറെ പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ച് 15 രേഖകളും പ്രതിഭാഗം ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ പി.പി. ഗീത ആലപ്പുഴ, പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍ എന്നിവര്‍ ഹാജരായി. ആഴ്ചകള്‍ മുന്‍പേ തയാറാക്കിയ തിരക്കഥ പ്രകാരമാണു കൊലപാതകമെന്നു സ്ഥിരീകരിക്കുന്നതായിരുന്നു പോലീസ് നല്‍കിയ കുറ്റപത്രം

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന...

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നടപടികൾ ശക്തിപ്പെടുത്തും : മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള സ്‌പെഷ്യൽ മൊബൈൽ...

ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ 4 പേർ പിടിയിൽ

മലപ്പുറം: ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ...

ശബരിമല : റവന്യൂ ഭൂമി കൈമാറുന്നതിനുളള ഉത്തരവ് കൈമാറി

തിരുവനന്തപുരം: ശബരിമല വനവത്ക്കരണത്തിനായി റവന്യൂ ഭൂമി കൈമാറുന്നതിനുള്ള സർക്കാർ ഉത്തരവ്  റവന്യൂ...
Telegram
WhatsApp